ADVERTISEMENT

കൊല്ലം∙ അജ്ഞാതർ തട്ടിക്കൊണ്ടുപോയശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ചിത്രത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പരിഹാസവും വ്യാപകമായതോടെയാണ് മുകേഷ് പ്രതികരണവുമായി രംഗത്തെത്തിയത്. കുട്ടിയെ എടുത്തത് തന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്ന് മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കാണാതായ അബിഗേലിനെയും കൊല്ലം എംഎൽഎയെയും കണ്ടുകിട്ടി’ എന്ന തരത്തിലായിരുന്നു ഫോട്ടോ വച്ചുള്ള പ്രചാരണം. ‘നമ്മുടെ മോൾ’ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. 

മുകേഷിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞ് ഞാൻ അപ്പോൾത്തന്നെ കൊല്ലം എആർ ക്യാംപിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു.

അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോടു ചോദിച്ചു, ഈ മാമനെ അറിയുമോ....?

ചെറിയ ചിരിയോടുകൂടി മോളുടെ മറുപടി; അറിയാം.

എങ്ങനെ അറിയാം...?

ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്. അതു കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരിപ്പുണരണമെന്നു തോന്നി. അതാണ് എടുത്തു കയ്യിൽ വച്ചത്.

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ. അവിടെ നിങ്ങൾക്കു ഭയം കാണാൻ കഴിയില്ല... അത് ഈ മോൾക്ക് മാത്രമല്ല. നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ്. അതിൽ പ്രായമില്ല. എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്.

പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചതു കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴു വർഷം മുൻപ് അവതരിപ്പിച്ചതാണ്. അതിന് അന്നു ഞാൻ നല്ല മറുപടിയും നൽകിയതാണ്. ചുരുക്കിപ്പറഞ്ഞാൽ‘കള്ളനു കള്ളവിചാരവും ദുഷ്ടനു ദുഷ്ട വിചാരവും’ ചീറ്റിപ്പോയ  നാടകക്കാരോട് പറയാനുള്ളത്, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.

എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം  ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പൊലീസിന് അഭിനന്ദനങ്ങൾ.

English Summary:

Kollam MLA Mukesh Defends Sharing Abigail's Photo Amidst Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com