ADVERTISEMENT

17 ദിവസം മണ്ണിനടയിൽ കഴിഞ്ഞുകൂടിയശേഷം 41 തൊഴിലാളികൾക്ക് ഉയർത്തെഴുന്നേൽപ്പ്. ആറ് ഭാഗവും മണ്ണിനാൽ മൂടിയ ഗുഹയ്ക്കുള്ളിൽ പ്രതീക്ഷയുടെ നുറങ്ങുവെട്ടവും തെളിച്ച് അവർ ഓരോ നിമിഷവും എണ്ണിയെണ്ണി കാത്തിരുന്നു. കുഴലിലൂടെ എത്തിക്കുന്ന അൽപ ആഹാരവും നേർത്ത വെളിച്ചവും പ്രാണവായുവും മുടങ്ങാതിരുന്നതിനാൽ നാൽപ്പത്തിയൊന്നു പേരെയും ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിലേത്. നൂറുകണക്കിന് തൊഴിലാളികൾ രാപ്പകലില്ലാതെ 408 മണിക്കൂർ കൊടും തണുപ്പിനെ വകവയ്ക്കാതെ പൊരുതുകയായിരുന്നു. രണ്ടോ മൂന്നോ ദിവസംകൊണ്ട് തൊഴിലാളികളെ രക്ഷിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും ഓരോ ദിവസം കഴിയുന്തോറും രക്ഷാപ്രവർത്തനം കൂടുതൽ ശ്രമകരമായിത്തീരുകയായിരുന്നു. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തൊഴിലാളികളെയെല്ലാം പുറത്തെത്തിച്ചു. 

∙നവംബർ 12: തുരങ്കത്തിൽ മണ്ണിടിയുന്നു 

ഉത്തരകാശിയിലെ ബ്രഹ്മഖൽ-യമുനോത്രി ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിൽ ദീപാവലി ദിവസം പുലർച്ചെ 5.30 നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 41 തൊഴിലാളികൾ കുടുങ്ങി. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചു.

∙നവംബർ 13: ഓക്സിജൻ പൈപ്പ് വഴി സമ്പർക്കം

കുടുങ്ങിയ തൊഴിലാളികൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതിനുള്ള പൈപ്പ് വഴി സമ്പർക്കം സ്ഥാപിച്ചു. ഇതിനിടെ വീണ്ടും അവശിഷ്ടങ്ങൾ മുകളിൽനിന്ന് വീഴുന്നു. നേരത്തേ 30 മീറ്റർ മാത്രമുണ്ടായിരുന്ന അവശിഷ്ടങ്ങൾ ഇതിനുപിന്നാലെ 60 മീറ്ററിലേക്കു വ്യാപിച്ചു. മുഖ്യമന്ത്രി പുഷ്‌കർ ധാമി സംഭവസ്ഥലം സന്ദർശിച്ചു.

∙നവംബർ 14: പൈപ്പ് സ്ഥാപിക്കൽ ആരംഭിക്കുന്നു

യന്ത്രത്തിന്റെ സഹായത്തോടെ ഇടിഞ്ഞുവീണ മണ്ണ് നീക്കി 800-ഉം 900 വും മില്ലീമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കാൻ നീക്കം ആരംഭിക്കുന്നു. ഓഗർ യന്ത്രത്തിന്റെ സഹായത്തോടെ അവശിഷ്ടങ്ങൾ തുരന്നു മാറ്റി തൊഴിലാളികൾക്കരികിലേക്ക് എത്താനായിരുന്നു ശ്രമം.  ഇതിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നു.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാത്രി ഉണ്ടായ തടസ്സം നീക്കാൻ പുറപ്പെടുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാത്രി ഉണ്ടായ തടസ്സം നീക്കാൻ പുറപ്പെടുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙നവംബർ 15: അത്യാധുനിക യന്ത്രം എത്തിക്കുന്നു.

പ്രവർത്തനം വേഗത്തിലാക്കാൻ ആദ്യത്തെ ഡ്രില്ലിങ് മെഷീനു പകരം അത്യാധുനിക ഔഗർ മെഷീൻ ഡൽഹിയിൽനിന്ന് വിമാന മാർഗം എത്തിക്കുന്നു.

∙നവംബർ 16: പുതിയ യന്ത്രം പ്രവർത്തിച്ചു തുടങ്ങുന്നു

പുതിയ ‍ഡ്രില്ലിങ് മെഷീൻ എത്തിച്ച് ഇൻസ്റ്റോൾ ചെയ്ത് കുഴിക്കൽ പ്രവർത്തി അർധരാത്രിയോടെ ആരംഭിക്കുന്നു. 

∙നവംബർ 17: തുരങ്കത്തിൽ സ്ഫോടന ശബ്ദം

യന്ത്രം ഉച്ചയോടെ 24 മീറ്ററോളം തുരന്ന് നാല് എംഎസ് പൈപ്പുകൾ ചേർക്കുന്നു. എന്നാൽ അഞ്ചാമത്തെ പൈപ്പ് ഇടാൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തനം നിർത്തുന്നു. തുടർന്ന് ഉയർന്ന പ്രവർത്തനക്ഷമതയുള്ള മറ്റൊരു ഓഗർ മെഷീൻ ഇൻഡോറിൽ നിന്ന് എത്തിക്കുന്നു. വൈകുന്നേരമായപ്പോൾ, തുരങ്കത്തിൽ വലിയ സ്ഫോടന ശബ്ദം കേട്ടു. ഉടൻ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവച്ചു.

നിമിഷങ്ങൾ യുഗങ്ങൾപോലെ... ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തെത്തുന്നതു കാത്തിരിക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
നിമിഷങ്ങൾ യുഗങ്ങൾപോലെ... ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തെത്തുന്നതു കാത്തിരിക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙നവംബർ 18: ഒഴിപ്പിക്കാൻ 5 പദ്ധതികൾക്കൂടി

1750 എച്ച്പി അമേരിക്കൻ ഓഗർ മെഷീൻ പ്രവർത്തിപ്പിക്കുന്നത് തുരങ്കം കൂടുതൽ ഇടിയാൻ ഇടയാക്കുമെന്ന ഭീതിയിൽ ശനിയാഴ്ച ഡ്രില്ലിങ് നടത്തിയില്ല. തുരങ്കത്തിന് മുകളിൽ നിന്ന് തഴേക്ക് മല തുരക്കുന്നത് ഉൾപ്പെടെ അഞ്ച് ഒഴിപ്പിക്കൽ പദ്ധതികളിൽ കൂടി ആസൂത്രണം ചെയ്യുന്നു. 

∙നവംബർ 19: ഡ്രില്ലിങ് താൽക്കാലികമായി നിർത്തിവച്ചു

ഡ്രില്ലിങ് താൽക്കാലികമായി നിർത്തിവച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രക്ഷാപ്രവർത്തനം അവലോകനം ചെയ്തു. ഹൊറിസോന്റൽ ഡ്രില്ലിങ് തന്നെയാണ് മികച്ചതെന്ന് വിലയിരുത്തി.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ആംബുലൻസുകൾ.     ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ആംബുലൻസുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙നവംബർ 20: മോദി രക്ഷാപ്രവർത്തനം വിലയിരുത്തുന്നു

 പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനം വിലയിരുത്തുന്നു. എന്നാൽ ഡ്രില്ലിങ് പുനരാരംഭിച്ചില്ല.

∙നവംബർ 21: ആദ്യ വിഡിയോ പുറത്ത്

തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ വിഡിയോ രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. പൈപ്പ് ലൈനിലൂടെ അയയ്ക്കുന്ന ഭക്ഷണസാധനങ്ങൾ സ്വീകരിച്ച് പരസ്പരം സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. തുരങ്കത്തിന്റെ ബാൽക്കോട്ട് അറ്റത്ത് രണ്ട് സ്ഥലത്ത് മണ്ണിടിച്ചിലുണ്ടാകുന്ന ശബ്ദം കേൾക്കുന്നു. എന്നാൽ രാത്രിയോടെ ഡ്രില്ലിങ് പുനരാരംഭിച്ചു.

∙നവംബർ 22: 45 മീറ്റർ പൈപ്പുകൾ സ്ഥാപിക്കുന്നു

800 എംഎം വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുന്നത് 45 മീറ്ററിലെത്തി. 57 മീറ്ററോളം നീളമുള്ള അവശിഷ്ടങ്ങളിൽ 12 മീറ്റർ മാത്രം ശേഷിക്കുന്നു. ഇതിനിടെ ഇരുമ്പ് പാളികളിലും മറ്റും തട്ടി ഡ്രില്ലിങ് പ്രവർത്തനം ഇടയ്ക്കിടെ നിർത്തിവയ്ക്കേണ്ടി വരുന്നു.   

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സന്ദർശിച്ച ശേഷം പുറത്തേക്കു വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സന്ദർശിച്ച ശേഷം പുറത്തേക്കു വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙നവംബർ 23: ‌ഇരുമ്പ് പാളികൾ നീക്കുന്നു

ഇരുമ്പു പാളികൾ നീക്കി രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. എന്നാൽ ഡ്രില്ലിങ് മെഷീൻ ഉറപ്പിച്ചിരുന്ന നിലത്ത് വിള്ളലുണ്ടായി. 

∙നവംബർ 24: ഡ്രില്ലിങ് നിർത്തിവയ്ക്കുന്നു

ഡ്രില്ലിങ് മെഷീൻ ലോഹ വസ്തുവിൽ തട്ടിയതോടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു.

∙നവംബർ 25: മല തുരക്കാൻ തീരുമാനം

രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തനം പുനഃരാരംഭിക്കുന്നു. ഡ്രില്ലിങ്ങിനൊപ്പം മല താഴേക്ക് തുരക്കാനം തീരുമാനിക്കുന്നു.

∙നവംബർ 26: മല തുരന്നു തുടങ്ങുന്നു

തുരങ്കത്തിന് മുകളിൽ നിന്ന് തുരന്ന് തുടങ്ങുന്നു. തുരങ്കത്തിലെത്താൻ 86 മീറ്റർ താഴേക്ക് തുരക്കണം. വൈകുന്നേരത്തോടെ ഡ്രില്ലിങ് ഉപകരണങ്ങൾ ഉപയോഗിച്ച് ഏകദേശം 19.5 മീറ്റർ തുരന്നു. 

∙നവംബർ 27:  തൊഴിലാളികളുടെ അടുത്തേക്ക് പത്ത് മീറ്റർ

രാക്ഷാകുഴൽ തള്ളി നീക്കുന്ന ജോലി തിങ്കളാഴ്ച വൈകിട്ട് 4.30ന് പുനരാരംഭിച്ചു. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരു മീറ്റർ മുന്നോട്ടുനീങ്ങി. തൊഴിലാളികളുടെ അടിത്തേക്കെത്താൻ പത്ത് മീറ്റർ കൂടി ബാക്കി.

‌∙നവംബർ 28: തൊഴിലാളികൾ പുറത്തേക്ക്

ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് ഒരു മണിയോടെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കുന്നു. രാത്രി എട്ടു മണിയോടെ തൊഴിലാളികൾ ഓരോരുത്തരായി പുറത്തേക്ക്.

ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർഥനയും സഫലമാകുന്നു. 17 ദിവസം മനോബലം കൊണ്ട് പിടിച്ചു നിന്ന തൊഴിലാളികൾ പുതു വെളിച്ചത്തിലേക്ക് കാലെടുത്തുവച്ചു. ഇതോടെ രാജ്യത്തിന് അഭിമാനിക്കാവുന്ന രക്ഷാപ്രവർത്തനമായി ഉത്തരകാശി ടണൽ രക്ഷാപ്രവർത്തനം മാറി.

English Summary:

Uttarkashi tunnel rescue operation Time line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com