സില്‍ക്യാര തുരങ്കം: രക്ഷിച്ച 41 തൊഴിലാളികളും എയിംസ് ആശുപത്രിയിൽ, കൊണ്ടുപോയത് ചിനൂക്ക് ഹെലികോപ്റ്ററിൽ
Mail This Article
ഉത്തരകാശി ∙ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍നിന്നു ചൊവ്വാഴ്ച രക്ഷിച്ച 41 തൊഴിലാളികളെയും വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഋഷികേശിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. വ്യോമസേനയുടെ ചിനൂക്ക് ഹെലിക്കോപ്റ്ററിലാണു തൊഴിലാളികളെ കൊണ്ടുപോയത്.
എയിംസ് ആശുപത്രിയില്‍ 24 മണിക്കൂര്‍ തൊഴിലാളികളെ നിരീക്ഷിക്കും. ആര്‍ക്കും ശാരീരികമായി പരുക്കുകൾ ഇല്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് എയിംസിൽ എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. 17 ദിവസം സൂര്യപ്രകാശം തട്ടാത്തതിനെ തുടർന്നുള്ള പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും. തൊഴിലാളികളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു. ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
തുരങ്കത്തിൽനിന്നു രക്ഷപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. 41 തൊഴിലാളികളും മോദി സംസാരിക്കുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദിച്ചു. 17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനുപിറകെ ഒന്നായി 10 ഇരുമ്പ് കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണു തൊഴിലാളികൾക്കു രക്ഷാവഴിയൊരുക്കിയത്.