ADVERTISEMENT

ന്യൂയോർക്ക്∙ മുത്തച്ഛനും മുത്തശിയും ഉൾപ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ ഇരുപത്തിമൂന്നുകാരൻ യുഎസിൽ അറസ്റ്റിൽ. ന്യൂജഴ്സിയിലെ വസതിയിൽവച്ച് കൊല നടത്തിയ ഓം ബ്രഹ്മഭട്ട് എന്നയാളാണ് അറസ്റ്റിലായത്. മുത്തച്ഛൻ ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), മുത്തശി ബിന്ദു ബ്രഹ്മഭട്ട് (72), ഇവരുടെ മകനായ യാഷ് കുമാർ ബ്രഹ്മഭട്ട് (38) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് യുഎസ് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടെ വീട്ടിൽനിന്ന് വെടിയൊച്ച കേൾക്കുന്നതായി ഒരു അയൽവാസി അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടു പുരുഷൻമാരെയും ഒരു സ്ത്രീയേയും വെടിയേറ്റ നിലയിൽ കണ്ടെത്തി.

പൊലീസ് സ്ഥലത്തെത്തുമ്പോൾ ദിലീപ് കുമാറും ബിന്ദുവും അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിലായിരുന്നു. ഇവരുടെ മകൻ യാഷ് കുമാർ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവിനെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാളാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. തുടർന്ന് കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഗുജറാത്ത് സ്വദേശിയായ ഓം ബ്രഹ്മഭട്ട്, യുഎസിലെത്തിയ ശേഷം ഇവർക്കൊപ്പമായിരുന്നു താമസം.

ഓൺലൈനിൽ വാങ്ങിയ കൈത്തോക്ക് ഉപയോഗിച്ചാണ് ഓം ബ്രഹ്മഭട്ട് മൂന്നു പേരെയും വെടിവച്ചു കൊന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വെടിയുതിർക്കാനുള്ള പ്രകോപനം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, പൊലീസ് ഇവരുടെ വീട്ടിലെത്തുന്നത് ഇതാദ്യമല്ലെന്ന് അയൽവാസികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ചില കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം.

English Summary:

Indian Man Arrested in New Jersey for Triple Homicide, Including Grandparents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com