‘മുന്‍പിലിരിക്കുന്നവര്‍ വർത്തമാനം കുറയ്ക്കണം, ഇവിടെ സംസാരിക്കുകയാണ്’: നവകേരള സദസ്സിൽ മന്ത്രി റിയാസ്
Mail This Article
മലപ്പുറം ∙ തന്റെ പ്രസംഗത്തിനിടയിൽ മറ്റാരും സംസാരിക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസ്സിലെ പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ‘മുന്‍പിലിരിക്കുന്നവര്‍ വർത്തമാനം ഒന്നു കുറയ്ക്കണം, ഇവിടെ സംസാരിക്കുകയാണ്’ എന്നാണു മന്ത്രി പറഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്രമസമാധാനപാലനമുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയ സംഭവം ഓർമിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘‘കുട്ടിയെ കണ്ടെത്തുന്നതിനായി എല്ലാവരും ഒരുമിച്ചു നിന്നു. കേരളാ പൊലീസിന്റെ നേതൃത്വത്തിൽ വലിയ രീതിയിൽ വലവിരിച്ചു. സമ്മർദം കാരണം പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു’’– മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം കേരളത്തിന്റെ ക്രമസമാധാന പരിപാലനം ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കേരളത്തിന്റെ ക്രമസമാധാനം മികവുറ്റതാണെന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പൊലീസ് പക്ഷം പിടിക്കുന്നതിനാൽ വർഗീയ കലാപങ്ങൾ പടരുകയാണ്. കേരളത്തിൽ വർഗീയ സംഘടനകൾ ഇല്ലാത്തതു കൊണ്ടല്ല. കേരളത്തിൽ അത്തരത്തിലുള്ള വർഗീയ കലാപങ്ങൾ ഇല്ലാത്തതിനു കാരണം കേരളത്തിലെ പൊലീസിനെ നയിക്കുന്നത് എൽഡിഎഫ് സർക്കാരായതിനാലാണ്’’– മന്ത്രി പറഞ്ഞു.
യുഡിഎഫ് ഭരിച്ച കാലത്ത് കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഏഴു ലക്ഷത്തോളമാണ്. 2022ൽ നാലര ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുഡിഎഫ് ഭരിച്ച കാലത്തേക്കാൾ രണ്ടരലക്ഷത്തോളം ക്രൈം കേസുകളാണ് കുറഞ്ഞിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.