‘സാലഡിൽ മനുഷ്യവിരലിന്റെ ഭാഗം ചവയ്ക്കുന്ന പോലെ’; റസ്റ്ററന്റിനെതിരെ യുവതിയുടെ പരാതി, 900 ഡോളർ പിഴ
Mail This Article
വാഷിങ്ടൻ∙ സാലഡിൽനിന്ന് കൈവിരലിന്റെ ഭാഗം കിട്ടിയെന്ന് യുഎസിൽ റസ്റ്ററന്റിനെതിരെ യുവതിയുടെ പരാതി. ന്യൂയോർക്കിലെ കനെക്റ്റികട്ടിൽ മൗണ്ട് കിസ്കോയിലെ ഹോട്ടലിനെതിരെയാണ് അലിസൺ കോസി എന്ന യുവതി പരാതി ഉന്നയിച്ചത്. സാലഡ് കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ ഒരു ഭാഗം ചവയ്ക്കുന്നതു പോലെ അനുഭവപ്പെട്ടു. അത് സാലഡിന്റെ ഭാഗമായി കിടക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
ഈ വർഷം ഏപ്രിൽ ഏഴിനാണ് സാലഡ് വാങ്ങിയത്. സാലഡിൽ പ്രധാനമായും കാണുന്ന അരഗുള എന്ന ഇല അരിയുന്നതിനിടയിൽ ഹോട്ടൽ മാനേജരുടെ കൈവിരൽ മുറിഞ്ഞ് ചെറിയ ഭാഗം സാലഡിൽ വീണതാണെന്നാണ് റിപ്പോർട്ട്. മാനേജർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മലിനമായ അരഗുള ആളുകൾക്ക് നൽകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതി ഹോട്ടലിൽനിന്ന് പാഴ്സലാണു വാങ്ങിയത്.
സംഭവത്തിൽ അന്വേഷണം നടത്തിയ വെസ്ചെസ്റ്റർ കൗണ്ടി ഡിപാർട്മെന്റ് ഓഫ് ഹെൽത്ത് റസ്റ്ററന്റിന് 900 ഡോളർ പിഴയിട്ടു. മോശം സാലഡ് കഴിച്ചതിന്റെ ഭാഗമായി തനിക്ക് പാനിക് അറ്റാക്, മൈഗ്രേൻ, ഛർദ്ദി, തലകറക്കം, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായതായും യുവതി പരാതിയിൽ പറയുന്നു. ജനങ്ങൾക്ക് ഇതേ കുറിച്ച് അവബോധം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നാണ് വിവരം.