മുംബൈക്കാർ നഗരം വിടുമോ: വായുമലിനീകരണം മൂലം 60% പേർക്കും താമസം മാറാൻ താൽപര്യമെന്ന് സർവേ
Mail This Article
മുംബൈ∙ നഗരവാസികളിൽ 60% പേരും വായുമലിനീകരണം കാരണം താമസം മാറാൻ ആലോചിക്കുന്നതായി സർവേ റിപ്പോർട്ട്. പ്രിസ്റ്റിൻ കെയർ എന്ന ഹെൽത്ത് കെയർ പ്രൊവൈഡർ മുംബൈ, ഡൽഹി നഗരങ്ങളിലെ ഏതാണ്ട് 4,000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അസഹ്യമായതാണ് പലരെയും നഗരം വിടാൻ പ്രേരിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 10ൽ ഒൻപത് പേരും വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, കണ്ണിൽ ചൊറിച്ചിൽ, കണ്ണീരൊഴുക്ക് തുടങ്ങിയവ അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ശൈത്യകാലത്താണ് ജീവിതം കൂടുതൽ ദുരിതപൂർണമാവുക. ആസ്മ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ശൈത്യകാലത്ത് കൂടുതൽ വഷളാകുന്നുവെന്ന് പ്രതികരിച്ചവരിൽ 40% പേരും അഭിപ്രായപ്പെട്ടു. എല്ലാ വർഷവും വായുമലിനീകരണം മൂലമുള്ള അസുഖങ്ങൾക്കു ചികിത്സ തേടേണ്ടി വരുന്നുണ്ടെന്നാണ് 10ൽ 4 പേരും അറിയിച്ചത്.
വായുമലിനീകരണം നേരിടാൻ ദിനചര്യകളിൽ മാറ്റങ്ങൾ വരുത്തിയവരേറെ. ഔട്ട്ഡോർ വ്യായാമങ്ങൾ അവസാനിപ്പിച്ചതായി 35 ശതമാനം പേർ പറഞ്ഞു. വ്യായാമത്തിനോ ജോഗിങ്ങിനോ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നുവെന്ന് 30% പേർ അറിയിച്ചു. എയർപ്യൂരിഫയറുകളുടെ ഉപയോഗത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് സർവേയിൽ പങ്കെടുത്തവർ അറിയിച്ചത്.
എയർപ്യൂരിഫയറുകൾ ഉപയോഗിക്കുന്നതായി 27 % പേർ അവ സമ്മതിച്ചപ്പോൾ 43 % പേർ ഇവയുടെ ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുമെന്ന ആശങ്ക പങ്കിട്ടു.
മഴയിൽ ആശ്വാസം
കഴിഞ്ഞ ദിവസങ്ങളിൽ കാലം തെറ്റി പെയ്ത മഴ വായു മലിനീകരണത്തിനു കുറവുണ്ടാക്കി. ഇന്നലെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വായുനിലവാരം കണക്കാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് ‘തൃപ്തികരം’ എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ഉഷ്ണത്തിനും ശമനമുണ്ട്. അന്തരീക്ഷ താപനില ഇന്നലെ 21-28 ഡിഗ്രി.