യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും നൊബേൽ ജേതാവുമായ ഹെൻറി കിസ്സിൻജർ അന്തരിച്ചു
Mail This Article
വാഷിങ്ടൻ∙ നൊബേൽ സമാധാന പുരസ്കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെൻറി കിസ്സിൻജർ (100) അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കൺസൾട്ടൻസി സ്ഥാപനമായ കിസ്സിൻജർ അസോഷ്യേറ്റ്സ് അറിയിച്ചു. 100 വയസ്സായിട്ടും രാഷ്ട്രീയവൃത്തങ്ങളിലും മറ്റും നിറസാന്നിധ്യമായിരുന്ന കിസ്സിൻജർ ഇക്കഴിഞ്ഞ ജൂലൈയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ചൈനയിൽ എത്തിയിരുന്നു. യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
നിക്സന്റെ കീഴില്‍ പ്രവർത്തിച്ചിരുന്നപ്പോൾ 1970കളിലെ പല ആഗോള വിഷയങ്ങളിലും കിസ്സിൻജർ സ്വീകരിച്ച അഭൂതപൂർവമായ നയങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചൈനയിലേക്കു നയതന്ത്രവാതിൽ തുറന്നതും യുഎസ് – സോവിയറ്റ് ആയുധ നിയന്ത്രണ ചർച്ചകളും ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും വടക്കൻ വിയറ്റ്നാമുമായുള്ള പാരിസ് പീസ് അക്കോർഡ്സും നേട്ടങ്ങളാണ്. 1973ലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായത്. ഇദ്ദേഹത്തിനൊപ്പം വടക്കൻ വിയറ്റ്നാം നയതന്ത്രജ്ഞനായിരുന്ന ലീ ഡക് ദോയ്ക്കും പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസ്സിച്ചു.
നാസി ജർമനിയിൽനിന്നു കൗമാരകാലത്ത് യുഎസിലേക്കു എത്തിച്ചേർന്ന ജൂത വംശജനാണ് കിസ്സിൻജർ. 1923 മേയ് 27ന് ജർമനിയിലെ ഫുർത്തിൽ ജനനം. 1938ൽ കുടുംബത്തിനൊപ്പം യുഎസിലെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് യൂറോപ്പിൽ യുഎസിനുവേണ്ടി യുദ്ധം ചെയ്തു. പിന്നീട് ഹാർവഡ് സർവകലാശാലയിൽനിന്ന് സ്കോളർഷിപ്പിൽ 1952ൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. പിന്നീട് 17 കൊല്ലം ഹാർവഡിൽ പഠിപ്പിച്ചു. 1954ൽ ഡോക്ടറേറ്റ് നേടി. അന്ന് വിവിധ സർക്കാർ ഏജൻസികളുടെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് സർക്കാർ പദവിയിലേക്ക് എത്തുന്നത്.
അതേസമയം, ദക്ഷിണപൂർവേഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളോടു കാട്ടിയ സമീപനത്തിന് കിസ്സിൻജറോടു വിശദീകരണം തേടണമെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപധികളെ പിന്തുണച്ചതിന്റെ പേരിൽ വിമർശകർ യുദ്ധക്കുറ്റവാളിയെന്ന വിശേഷണവും കിസ്സിൻജറുടെമേൽ ചാർത്തിയിട്ടുണ്ട്.
ആഗോള തലത്തിൽ കൺസൾട്ടിങ് സ്ഥാപനം നടത്തുന്നതിനൊപ്പം രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടി വ്യത്യാസം നോക്കാതെ റിപ്പബ്ലിക്ക്, ഡമോക്രാറ്റ് അംഗങ്ങൾക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോൾ പലവട്ടം വൈറ്റ് ഹൗസിലെത്തിയിരുന്നു.
ആദ്യ ഭാര്യ ആൻ ഫ്ലെയ്ഷറിൽനിന്ന് 1964ൽ വിവാഹമോചിതനായ കിസ്സിൻജർ 1974ൽ നാൻസി മഗിൻസിനെ വിവാഹം ചെയ്തു. ആദ്യ ഭാര്യയിൽ രണ്ടു കുട്ടികളുണ്ട്.