‘എൽജിബിടി പ്രസ്ഥാനം തീവ്രസ്വഭാവമുള്ള സംഘടന’; എല്ലാ പ്രവർത്തനങ്ങളും നിരോധിച്ച് റഷ്യ
Mail This Article
മോസ്കോ∙ എൽജിബിടി സമൂഹത്തോടു നിഷേധാത്മക നിലപാടുമായി റഷ്യ. രാജ്യാന്തര എൽജിബിടി പ്രസ്ഥാനം തീവ്രസ്വഭാവമുള്ള സംഘടനയെന്നു പറഞ്ഞ റഷ്യൻ സുപ്രീംകോടതി, രാജ്യത്ത് ഇവയുടെ പ്രവർത്തനം നിരോധിച്ചു. എല്‍ജിബിടി പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെ നീതിന്യായ വകുപ്പാണു കോടതിയെ സമീപിച്ചത്.
ഇതോടെ ഗേ, ലെസ്ബിയൻ, ട്രാൻസ്ജെന്റർ, ക്വീർ ആളുകൾക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിച്ചേക്കുമെന്നാണു റിപ്പോർട്ട്. പരമ്പരാഗത ധാർമിക മൂല്യങ്ങളെ റഷ്യ സംരക്ഷിക്കുന്നെന്ന പ്രതിച്ഛായ പ്രോത്സാഹിപ്പിക്കാനാണു പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ കുറച്ചുകാലങ്ങളായി ശ്രമിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ഉടമ്പടിയാണ് വിവാഹമെന്നു വ്യക്തമാക്കി റഷ്യയുടെ ഭരണഘടന മൂന്നുവർഷം മുൻപ് മാറ്റിയിരുന്നു. സ്വവർഗ വിവാഹങ്ങളെ റഷ്യ അംഗീകരിക്കുന്നില്ല.
കോടതി ഉത്തരവിനു പിന്നാലെ എൽജിബിടി വിഭാഗത്തിനിടയിൽ ആശങ്ക രൂപപ്പെട്ടു. ‘‘ഇത് അടിച്ചമർത്തലാണ്. റഷ്യയിലെ എൽജിബിടി കമ്യൂണിറ്റിയിൽ ആശങ്ക പടർന്നിരിക്കുന്നു. ആളുകൾ നാടുവിട്ടു പോകുകയാണ്. വളരെ ദാരുണമായ അവസ്ഥയാണിത്’’– സെന്റ് പീറ്റേഴ്സ്ബർഗിലെ മുനിസിപ്പൽ ഡെപ്യൂട്ടി സെർജേയ് ട്രോഷിൻ പറഞ്ഞു. സെർജേയ് കഴിഞ്ഞവർഷമാണു തന്റെ ഗേ സ്വത്വം വെളിപ്പെടുത്തിയത്.