അതിജീവിതയ്ക്ക് ഒപ്പം നിന്നു; കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്‌സിങ് ഓഫിസറെ സ്ഥലംമാറ്റി
Mail This Article
കോഴിക്കോട്. ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഒപ്പം നിന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഇടുക്കി ഗവ. മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. ഇതു പ്രകാരം അനിതയെ ഇന്ന് (30) മെഡിക്കൽ കോളജിൽനിന്ന് വിടുതൽ ചെയ്ത് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉത്തരവിട്ടു. അനിതയെ സ്ഥലം മാറ്റിയ ഉത്തരവ് 28 ന് ഡിഎംഇയിൽനിന്ന് ഇറങ്ങിയെങ്കിലും ഇന്നലെയാണ് പ്രിൻസിപ്പൽ ഓഫിസിൽ എത്തിയത്.
ഉടനെ തിരക്കിട്ട് വിടുതൽ ചെയ്യുകയായിരുന്നു.
വകുപ്പുതല നടപടിയുടെ ഭാഗമായി അന്വേഷണ സമിതി ആവശ്യപ്പെട്ട പ്രകാരം ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ട് സ്ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫിസർ തസ്തികയിലായതിനാൽ 2 പേരുടെയും സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക.
അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് 5 ജീവനക്കാരെ കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഭരണ കക്ഷി സർവീസ് സംഘടന നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് അനിതയെ സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് പിന്തുണ നൽകിയ സീനിയർ നഴ്‌സിങ് ഓഫിസറെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് സമര സമിതിക്കുവേണ്ടി നൗഷാദ് തെക്കയിൽ പറഞ്ഞു.
നഴ്സിങ് ഓഫിസറെ നിയമ വിരുദ്ധമായി സ്ഥലം മാറ്റിയതിനെതിരെ മെഡിക്കൽ കോളജിനും വേണ്ടി വന്നാൽ ഡിഎംഇ ഓഫിസിനു മുന്നിലും സമരം തുടങ്ങുമെന്ന് അതിജീവിതയും അറിയിച്ചു.
യൂണിയൻ നേതാവിനെതിരെ പരാതിയിൽ നടപടി വൈകുന്നു
നഴ്സിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന ഭരണകക്ഷി യൂണിയൻ ജില്ലാ നേതാവിനെതിരെയുള്ള പരാതിയിൽ തുടർ നടപടി വൈകുന്നു. സീനിയർ നഴ്സിങ് ഓഫിസറുടെ പരാതിയിൽ പ്രിൻസിപ്പൽ നിയോഗിച്ച സമിതി 6 മാസം മുൻപ് ഡിഎംഇക്ക് റിപ്പോർട്ട് നൽകിയതാണ്.