2030ൽ ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50% ആക്കും: നരേന്ദ്ര മോദി
Mail This Article
ദുബായ്∙യുഎയിൽ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടി കോപ് 28ൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎയും ഹരിതാഭവും അഭിവൃത്തിയുള്ളതുമായി ഭാവിക്കായി പങ്കാളികളായി നിലകൊള്ളുകയാണെന്ന് മോദി പറഞ്ഞു. കോപ് 28 ഉച്ചകോടിയിൽ സംബന്ധിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സുസ്തിരമായ ഭാവിക്കായി അർഥവർത്തായ ചർച്ചകളും സഹകരണങ്ങളുമുണ്ടാകണം. യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സയീദിനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും നന്ദി അറിയിക്കുന്നുവെന്നും മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വികസ്വര രാജ്യങ്ങളല്ല പ്രശ്നം സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. എന്നിട്ടും വികസ്വര രാജ്യങ്ങൾ പരിഹാരത്തിന്റെ ഭാഗമാകാൻ തയ്യാറാണ്. ആവശ്യമായ ധനസഹായവും സാങ്കേതികവിദ്യയും അവർക്ക് ലഭിക്കുന്നില്ല. കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യുന്നതിന് ധനസഹായവും സാങ്കേതിക കൈമാറ്റവും ഉറപ്പാക്കണം. 2030 ഓടെ കാർബൺ പുറന്തള്ളൽ 45% കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50% ആക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു. 2028ൽ ഉച്ചകോടി ഇന്ത്യയിൽ നടത്തുന്നതിനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെയാണ് ഐക്യ രാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി ‘കോപ്28’ ദുബായിൽ ആരംഭിച്ചത്. 2015ൽ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഭക്ഷ്യോൽപാദനത്തിലും വിതരണത്തിലും ആഗോളതലത്തിൽ മാറ്റം നിർദേശിക്കാനും സാധ്യതയുണ്ട്. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.