‘പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; നഴ്‍സസ് അസോസിയേഷനിൽ എല്ലാവർക്കും ആത്മബന്ധം, കുട്ടിയുടെ പിതാവ് ശക്തനായ നേതാവ്’
Mail This Article
കൊല്ലം ∙ ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ പ്രചരിക്കുന്നതൊക്കെയും വ്യാജ വാർത്തകളെന്നു യുണൈറ്റഡ് നഴ്‍സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്‌മിൻ ഷാ. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്ന പശ്ചാത്തലത്തിലാണു പ്രതികരണം.
‘‘നഴ്സിങ് സംഘടനയ്ക്കു നേരെ വിരൽ ചൂണ്ടുമ്പോൾ നിങ്ങൾ ഓർക്കേണ്ടത് ഇതു കരുത്തുറ്റ സംഘടനയാണെന്നാണ്. ഈ സംഭവത്തിനിടയ്ക്കു നഴ്സിങ് സംഘടനയെ തകർക്കാനാണോ ശ്രമിക്കുന്നത്? നേരത്തെയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ കേട്ടിട്ടുള്ളതാണ്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കയ്യിൽ എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ വേണം. സംഘടനയിൽ എല്ലാവരും തമ്മിൽ ആത്മബന്ധമുണ്ട്. ഇവിടെ ശത്രുപക്ഷമോ എതിർപക്ഷമോ ഇല്ല.’’– ജാസ്മിൻ ഷാ പറഞ്ഞു.
കുട്ടിയുടെ പിതാവിനെ ഇന്നു ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചിരുന്നു. പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്നാണു സംശയം. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് അന്വേഷിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്നാണു സംശയം. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നു സൂചനയുണ്ടെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിലെ നഴ്സിങ് സംഘടനയുടെ ശക്തനായ നേതാവാണെന്ന് ജാസ്മിൻ ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ‘‘ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നതു നേരത്തേ യുഎൻഎ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിൽ നടപടി ആവശ്യമാണ്. നഴ്സിങ് റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ ക്രമക്കേട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തില്ല. ഇപ്പോൾ ഇത്തരമൊരു ആരോപണവുമായി വരുന്നത് യഥാർഥ പ്രതികളെ രക്ഷപ്പെടാനേ സഹായിക്കൂ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.’’– ജാസ്മിൻ ഷാ അഭിപ്രായപ്പെട്ടു.