തമിഴ്നാട്ടിലും ‘കേരള മോഡൽ’: നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ഗവർണർ ആർ.എൻ.രവി
Mail This Article
ചെന്നൈ∙ നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ഗവർണറുടെ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതിൽ സുപ്രീം കോടതി ഗവർണറെ വിമർശിച്ചിരുന്നു.
ഹർജി നേരത്തേ പരിഗണിക്കവേ, തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ച ശേഷം മാത്രം ബില്ലുകൾ പരിഗണിച്ച ഗവർണർ 3 വർഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. സർക്കാർ കോടതിയെ സമീപിക്കുംവരെ ഗവർണർ കാത്തുനിന്നത് എന്തുകൊണ്ടാണെന്ന് ആർ.എൻ.രവിയുടെ നിലപാടിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആരാഞ്ഞു. തുടർന്ന് ഹർജി ഇന്നു വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ഹർജിയിൽ, നവംബർ 10നു ഗവർണർക്കു സുപ്രീം കോടതി നോട്ടിസയച്ചിരുന്നു. പിന്നാലെ, 2020 മുതൽ കൈവശമിരിക്കുന്ന 10 ബില്ലുകൾ ഒന്നിച്ചു പരിഗണിച്ച ഗവർണർ ഇവ തിരിച്ചയച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളുടെ ചാൻസലർ പദവി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള ബില്ലുകളാണ് ഗവർണർ തിരിച്ചയച്ചത്. ഗവർണർ തിരിച്ചയച്ച 10 ബില്ലുകളും നവംബർ 18ന് മാറ്റങ്ങളില്ലാതെ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനത്തിൽ വീണ്ടും പാസാക്കിയിരുന്നു. ഇതിൽ ഗവർണറുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണു കോടതി ഹർജി ഇന്നത്തേക്കു മാറ്റിയത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന 2 ബില്ലുകളും ഉൾപ്പെടെ നിയമസഭ പാസാക്കിയ 7 ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്. പൊതുജനാരോഗ്യ ബില്ലിനു ഗവർണർ അംഗീകാരം നൽകി. ഈ 8 ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.