ADVERTISEMENT

തിരുവനന്തപുരം∙ ആർട്ടിസ്റ്റുകളായ പി.ബി.ഷജിത്തും ഭാര്യ സ്മിത എം.ബാബുവുമാണ് കൊല്ലത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണത്തിനു സഹായകരമായ പ്രതികളുടെ രേഖാ ചിത്രം വരച്ചത്. പൊലീസിനുവേണ്ടി ആദ്യമായാണ് ഇരുവരും പ്രതികളുടെ രേഖാചിത്രം വരയ്ക്കുന്നത്. രേഖാചിത്രം കൃത്യമായതോടെ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലാണ് ഇരുവരും പഠിച്ചത്. സി ഡിറ്റിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ 11 വർഷമായി ചിത്രപ്രദർശനങ്ങൾ നടത്തുന്നുണ്ട്. പെയിന്റിങിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഷജിത്തിനു 3 തവണയും സ്മിതയ്ക്ക് ഒരു തവണയും.

ഷജിത്ത് ഡൽഹിയിലും സ്മിത എറണാകുളത്തും ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കം നടത്തുന്നതിനിടെയിലാണ് കൊല്ലം എസിപി സഹായം തേടി ഫോണിൽ ബന്ധപ്പെട്ടത്. കൊല്ലത്തെ കലാകാരൻമാരെന്ന നിലയിൽ പൊലീസിന് ഇരുവരെയും അറിയാമായിരുന്നു. കുട്ടിയെ കാണാതായ 27ന് രാത്രി 12നാണ് പൊലീസ് വിളിക്കുന്നത്. ആദ്യത്തെ സാക്ഷി പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയായിരുന്നു. ഇവരുടെ കടയിൽനിന്നാണ് പ്രതികൾ സാധനങ്ങൾ വാങ്ങിയത്. കടയുടമയെയും കൂട്ടിയാണ് പൊലീസ് ഇവരുടെ കൊല്ലത്തെ വീട്ടിലേക്ക് വന്നത്. രാത്രി 12.30 മുതൽ 4.30വരെ ശ്രമിച്ചാണ് ആദ്യ രേഖാചിത്രം വരച്ചത്.

കൊല്ലത്ത് അതേദിവസം മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു. ആ കുട്ടി പറഞ്ഞതനുസരിച്ചാണ് രണ്ടാമത്തെ ചിത്രം വരച്ചത്. ആയൂരിൽനിന്ന് തട്ടിയെടുത്ത കുട്ടിയെ തിരിച്ചു കിട്ടിയശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെവച്ചാണ് മൂന്നാമത്തെ രേഖാചിത്രം വരച്ചത്. കുട്ടിയാണ് പ്രതിയിലേക്കെത്താനുള്ള സൂചനകൾ നൽകിയത്. ഇരുവരും ആശുപത്രിയിലെത്തിയപ്പോൾ കുട്ടി കടലാസിൽ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുകയായിരുന്നു. സംരക്ഷണത്തിനായി വനിതാ എസ്ഐ കൂടെയുണ്ടായിരുന്നു. കുട്ടിയായതിനാൽ കരുതലോടെയാണ് ഇടപെട്ടത്. വരയ്ക്കാൻ പഠിപ്പിക്കാനെത്തിയ അധ്യാപകരെന്നാണ് കുട്ടിയെ പരിചയപ്പെടുത്തിയത്. കുട്ടിക്ക് ചിത്രങ്ങൾ വരച്ചു നൽകിയും വരപ്പിച്ചും സൗഹൃദം സ്ഥാപിച്ചു. കുട്ടികളുടെ ക്യാംപിൽ ക്ലാസുകളെടുക്കുന്നത് സഹായകരമായി.

കുട്ടിയെ ശല്യപ്പെടുത്താതെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ മുഖത്തിന്റെ സവിശേഷതകൾ ആരാഞ്ഞു. മൂക്ക് ഇങ്ങനെയാണോ, കണ്ണിനു വലുപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ച് ചിത്രം വര ആരംഭിച്ചു. കഷണ്ടിയുണ്ടോ, തടിയുണ്ടോ, മുഖത്ത് കണ്ണാടിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പിന്നാലേ എത്തി. ‘മാമനു തലയിൽ മുടിയില്ല’ എന്നായിരുന്നു കുട്ടിയുടെ ഉത്തരം. 3 പേരുടെ സംഘത്തിൽ ഒരാളെ സംബന്ധിച്ച് കുട്ടിക്ക് തീരെ വ്യക്തത ഇല്ലായിരുന്നു. മൂന്നു ചിത്രങ്ങൾ വരയ്ക്കാൻ 6 മണിക്കൂറെടുത്തു.

‘കണ്ടെത്തേണ്ട ആളുടെ മൂക്ക് പരന്നിട്ടാണോ, തടിച്ചിട്ടാണോ എന്നു കുട്ടിയോട് ചോദിക്കുമ്പോൾ വ്യക്തതയില്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി. പിന്നീട് ചുണ്ട് അടക്കമുള്ള മറ്റ് ഭാഗങ്ങളെക്കുറിച്ച് ചോദിച്ചു. ചുണ്ടു വരച്ചു വരുമ്പോൾ മൂക്കിന്റെ ഘടനയെക്കുറിച്ച് കുട്ടിക്ക് ഓർമ വരാം. ഇങ്ങനെ വരച്ചും തിരുത്തിയുമാണ് ചിത്രം പൂർത്തിയാക്കിയത്.’– ഷജിത്ത് പറയുന്നു.

ചിത്രം കണ്ട് കുട്ടി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് മാധ്യമങ്ങൾക്കു നൽകിയത്. പ്രതികളെ കണ്ടെത്തിയശേഷം പൊലീസുകാരും രാഷ്ട്രീയ നേതാക്കളും ഇരുവരെയും വിളിച്ച് അഭിനന്ദിച്ചു. കൊല്ലത്തുനിന്നുള്ള മന്ത്രിയായ കെ.എന്‍.ബാലഗോപാലും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

English Summary:

Artists P.B.Shajith and his wife Smita M.Babu drew a sketch of the accused to help the investigation in the Kollam child Missing case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com