ശ്രീക്കുട്ടന്റെ ശാരീരിക പ്രയാസങ്ങളെ മുതലെടുക്കാന്‍ ശ്രമം, കെഎസ്‌യു മാപ്പു പറയണം: പി.എം.ആർഷോ
Mail This Article
തൃശൂർ ∙ കേരളവർമ കോളജിലെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്റെ ശാരീരിക പ്രയാസങ്ങളെ മുതലെടുക്കാനും അത് ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം സ്വന്തമാക്കാനുമുള്ള ശ്രമമാണ് കെഎസ്‌യുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. കെഎസ്‌യുവിനു പുറമെ എബിവിപി എന്ന സംഘടനയും തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. അവർക്കെതിരെയായിരുന്നു ഞങ്ങളുടെ മത്സരം. എന്നാൽ കെഎസ്‌യു അതു വ്യക്തികേന്ദ്രീകൃതമാക്കി എടുക്കുകയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്ന് ആർഷോ ആരോപിച്ചു.
എസ്എഫ്ഐക്കെതിരെ കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കൾ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ചു. ബാലറ്റു പേപ്പറിലും വോട്ടെണ്ണലിലും ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചു. പവർകട്ട് സൃഷ്ടിച്ചെന്ന് ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങളുന്നയിച്ചു. കെഎസ്‌യുവിന്റേയും കോൺഗ്രസിന്റേയും സംസ്ഥാന നേതൃത്വം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തോടും ശ്രീക്കുട്ടനെന്ന വിദ്യാർഥിയോടും മാപ്പു പറയണമെന്നും ആർഷോ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മുഖ്യധാരാ മാധ്യമങ്ങളും തെറ്റായ പ്രചാരണം നടത്തിയെന്ന് ആർഷോ പറഞ്ഞു. എസ്എഫ്ഐ തോറ്റെന്ന രീതിയിൽ അവർ ചർച്ചകൾ നടത്തി. ഇപ്പോൾ പുറത്തുവന്ന ഫലവും അതുപോലെ നൽകാനും ചർച്ചകൾ നടത്താനും അവർ തയാറുണ്ടോ എന്നും ആർഷോ ചോദിച്ചു. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങില്‍ എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധൻ മൂന്നു വോട്ടുകള്‍ക്കാണ് ജയിച്ചത്.
നേരത്തെ, അനിരുദ്ധൻ 10 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം. റീകൗണ്ടിങ്ങിൽ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു. യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കിയാണ് കോടതി റീകൗണ്ടിങ് നിർദ്ദേശിച്ചത്. നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകുകയായിരുന്നു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.