20 ലക്ഷം കൈക്കൂലിയുമായി ഇഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ; മധുര ഓഫിസിൽ റെയ്ഡ്
Mail This Article
ചെന്നൈ∙ കൈക്കൂലിയായി വാങ്ങിയ 20 ലക്ഷം രൂപയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇഡിയുടെ മധുര ഓഫിസിൽ തമിഴ്നാട് വിജിലൻസിന്റെ റെയ്ഡ്.
ഇഡിയുടെ മധുര യൂണിറ്റിൽ ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയാണ് ഇന്നലെ ഡിണ്ടിഗലിൽനിന്നു വിജിലൻസിന്റെ വലയിലായത്. മുൻപും സമാനമായ രീതിയിൽ കോടിക്കണക്കിനു രൂപ കൈക്കൂലിയായി വാങ്ങി മേലധികാരികൾക്ക് ഉൾപ്പെടെ കൈമാറിയിട്ടുണ്ടെന്ന് അങ്കിത് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ ഇഡി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങൾ നടക്കുകയാണ്. ഡിണ്ടിഗലിലെ ഗവ.ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അങ്കിത് തിവാരിയെ പിടികൂടിയത്.
അനധികൃത സ്വത്തുസമ്പാദന കേസിൽ കുടുക്കാതിരിക്കാൻ 3 കോടി രൂപ ആവശ്യപ്പെട്ട് തിവാരി ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ പരാതി. ഇത്രയും തുക നൽകാൻ കഴിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് തുക 51 ലക്ഷമായി കുറച്ചു. കഴിഞ്ഞ മാസം 20 ലക്ഷം രൂപ ഇയാൾക്കു നൽകിയതായും ഡോക്ടർ പറഞ്ഞു. ബാക്കി തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഡോക്ടർ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ, രാസവസ്തു പുരട്ടിയ പണം ഡോക്ടർ അങ്കിത് തിവാരിക്കു നൽകുകയായിരുന്നു.
ഇതുമായി മടങ്ങുമ്പോഴാണ് തിവാരിയെ വിജിലൻസ് പിടികൂടിയത്. രാത്രി വൈകിയും പരിശോധന തുടർന്നു. അതേസമയം, ഒരാൾ ചെയ്ത തെറ്റിന് ഇഡിയെ പഴിക്കുന്നത് ശരിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചു. ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് രാഷ്ട്രീയവത്കരിക്കരുതെന്നും ബിജെപി തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു.