റാങ്കോടെ ബിരുദം, എന്നിട്ടും പത്മകുമാർ ബിസിനസിലേക്ക്; കേബിൾ ശൃംഖല മുതൽ ബിരിയാണിക്കച്ചവടം വരെ
Mail This Article
കൊല്ലം∙ ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പത്മകുമാറിന്റേത് നിഗൂഢതകൾ നിറഞ്ഞ ജീവിതമായിരുന്നുവെന്ന് നാട്ടുകാർ. ആരുമായും വലിയ സൗഹൃദം പുലർത്താത്ത പ്രകൃതമായിരുന്നു പത്മകുമാറിന്റേത്. ഭാര്യയോ മകളോ കൂടെയില്ലാതെ പത്മകുമാര്‍ യാത്ര ചെയ്യാറില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എൻജിനീയറിങ് കോളജിൽനിന്ന് റാങ്കോടെയാണ് പത്മകുമാർ ബിരുദം നേടിയത്. കംപ്യൂട്ടർ വിദഗ്ദനായിരുന്ന പത്മകുമാറിന് ഉയർന്ന ജോലി ലഭിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ, അതിനു ശ്രമിക്കാതെ ബിസിനസിലേക്കു കടക്കാനായിരുന്നു തീരുമാനം.
കേബിൾ ടിവി ശൃംഖലയുടെ തുടക്ക കാലത്ത് ആ സാധ്യതകൾ തിരിച്ചറിഞ്ഞ് ചാത്തന്നൂരിലെ ആദ്യ കേബിൾ ടിവി ശൃംഖല തുടങ്ങി. നിരവധി ആളുകൾ കേബിള്‍ രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങിയതോടെ വൻ ലാഭത്തിന് കൈവശമുണ്ടായിരുന്ന ശൃംഖല വിറ്റു. പിന്നീട് റിയൽ എസ്റ്റേറ്റ്, ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യ സ്റ്റാൾ, ചിറക്കര തെങ്ങ് വിളയിൽ ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി എന്നിങ്ങനെ നിരവധി ബിസിനസുകൾ നടത്തി. കോവിഡിന്റെ വരവോടെ ബിസിനസുകളിൽ ചിലതിൽ നഷ്ടം നേരിട്ടതോടെയാണ് തകർച്ചയിലേക്കു വീണത്.
കടുത്ത നായപ്രേമിയായ പത്മകുമാറിന്റെ വീട്ടിൽ മുന്തിയ ഇനമടക്കം പത്തു നായ്ക്കളുണ്ട്. കുടുംബത്തിലെ എല്ലാവരും മൃഗസ്നേഹികളാണെന്നും പ്രത്യേകിച്ച് നായ്ക്കളോട് വാല്‍സല്യമാണെന്നും മകളും കേസിൽ മൂന്നാം പ്രതിയുമായ അനുപമ സമൂഹമാധ്യമത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഇരുനില വീടിനു ചുറ്റും കൂറ്റൻ മതിലും ഗേറ്റുമുണ്ട്.
പത്മകുമാറിന്റെ മാതാവ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന പിതാവിന്റെ മരണശേഷമാണ് മാതാവിനു ജോലി ലഭിച്ചത്. സഹോദരനും മരിച്ചു. പത്മകുമാറിന്റെ സാമ്പത്തികം ഉൾപ്പെടെയുള്ള ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.