‘മോദി സർക്കാരിനു സംവരണവിരുദ്ധ നിലപാട്; സംവരണം ഉയർത്തിയത് ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ വിമുഖത’
Mail This Article
പട്ന ∙ നരേന്ദ്ര മോദി സർക്കാരിനു സംവരണ വിരുദ്ധ നിലപാടാണുള്ളതെന്നു ജനതാദൾ (യു) മുഖ്യ വക്താവ് നീരജ് കുമാർ ആരോപിച്ചു. ബിഹാറിൽ ജാതി സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തിയ നിയമഭേദഗതി ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ വിമുഖത കാട്ടുന്നുണ്ട്. അൻപതു ശതമാനത്തിലധികം സംവരണത്തിനു സാധുത ലഭിക്കാൻ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു നീരജ് കുമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ബിഹാറിലെ ബിജെപി നേതാക്കൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നു നീരജ് കുമാർ ആവശ്യപ്പെട്ടു.
പിന്നാക്ക സമുദായങ്ങൾക്ക് മേഘാലയ, മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും സംവരണമില്ല. ബിഹാറിൽ പിന്നാക്ക സമുദായങ്ങളുടെ സംവരണം 43 ശതമാനമായി ഉയർത്തിയപ്പോൾ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും 14%, മണിപ്പുരിലും ഹരിയാനയിലും 23%, ത്രിപുരയിൽ രണ്ടു ശതമാനം എന്നിങ്ങനെയാണു പിന്നാക്ക ജാതി സംവരണമെന്നു നീരജ് കുമാർ പറഞ്ഞു.