ചൈനയിലെ ശ്വാസകോശ രോഗം: യാത്രാ വിലക്ക് ഏർപ്പെടുത്തണം, ബൈഡന് കത്തുമായി സെനറ്റർമാർ
Mail This Article
വാഷിങ്ടൻ∙ ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗം വ്യാപകമായതിനു പിന്നാലെ യുഎസ് – ചൈന യാത്രാ വിലക്ക് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ. ഒരു സംഘം സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡന് ഇതുസംബന്ധിച്ചു കത്തയച്ചു. സെനറ്റർമാരായ റുബിയോ, ജെ.ഡി. വാൻസ്, റിക് സോക്ട്ട്, ടോമി ട്യൂബർവൈൽ, മൈക്ക് ബ്രൗൺ എന്നീ അഞ്ച് സെനറ്റർമാരാണു പ്രസിഡന്റിന് കത്തയച്ചത്.
‘‘പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ചു നുണ പറയുന്ന ഒരു നീണ്ട ചരിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. കോവിഡ് മഹാമാരി കാലത്തെ സുതാര്യതയില്ലാത്ത ചൈനയുടെ സമീപനം മൂലം രോഗത്തെക്കുറിച്ചുള്ള പല വിവരങ്ങളും യുഎസിൽനിന്നു മറഞ്ഞിരുന്നു. അമേരിക്കൻ ജനതയുടെ ആരോഗ്യവും സമ്പദ്‍വ്യവസ്ഥയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പുതിയ രോഗത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുന്നതുവരെ യാത്രാ നിയന്ത്രണം കൊണ്ടുവരണം’’ – കത്തിൽ വ്യക്തമാക്കുന്നു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതോടെ മരണങ്ങളിൽനിന്നും ലോക്ക്ഡൗണിൽനിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്നും കത്തിൽ പറയുന്നുണ്ട്.
കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ രോഗത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.