ട്രെൻഡിൽ മാറ്റമില്ല: രാജസ്ഥാനിൽ ഭരണം തിരിച്ചുപിടിച്ച് ബിജെപി, കോൺഗ്രസിന് തിരിച്ചടി
Mail This Article
മൂന്നു പതിറ്റാണ്ടായി ഒരു കക്ഷിക്കും ഭരണത്തുടർച്ച ലഭിക്കാത്ത രാജസ്ഥാനിൽ ഇത്തവണയും ട്രെൻഡിൽ മാറ്റമില്ല. അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിനു കനത്ത തിരിച്ചടി നൽകി ബിജെപി അധികാരം പിടിച്ചെടുത്തു. സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല അടിയൊഴുക്കുകൾ ശക്തമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നുമുള്ള ഗെലോട്ടിന്റെ വാദം വെറുതെയായി. സിറ്റിങ് എംപിമാരെ ഉൾപ്പെടെ കളത്തിലിറക്കിയ ബിജെപിയുടെ തന്ത്രത്തിനു മുന്നിൽ കോൺഗ്രസ് വാഗ്ദാനങ്ങളും അപ്രസക്തമായി.
നവംബർ 25 നു നടന്ന തിരഞ്ഞെടുപ്പിൽ 75.45 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2018 ൽ ഇത് 74.71% ആയിരുന്നു. നേരിയ വർധനയാണെങ്കിലും പോളിങ് ശതമാനം ഉയർന്നപ്പോഴെല്ലാം ബിജെപിക്ക് ഒപ്പംനിന്ന ട്രെൻഡും രാജസ്ഥാനിൽ ആവർത്തിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകൾ തൂത്തുവാരുക എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബിജെപി.
∙ വോട്ടുറപ്പിച്ച സങ്കല്‍പ് പത്ര
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ഏറെ വൈകിയാണ് ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘സങ്കൽപ് പത്ര’ പുറത്തിറക്കിയത്. തിരഞ്ഞെടുപ്പിനു കേവലം 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡ സങ്കൽപ് പത്ര അവതരിപ്പിച്ചത്. കോൺഗ്രസ് മുന്നോട്ടുവച്ച 7 ഗാരന്റികളെ കടത്തിവെട്ടുന്നതായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങൾ. കർഷകർ, സ്ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ, വൃദ്ധർ, ഭിന്നശേഷിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലെയും ആളുകളെ ഒരുപോലെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു സങ്കൽപ് പത്ര. ബിജെപി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളാണ് ഇനിപ്പറയുന്നവ.
ക്വിന്റലിന് 2,700 രൂപയ്ക്ക് ഗോതമ്പ് സംഭരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴിലുള്ള ധനസഹായം പ്രതിവര്‍ഷം 12,000 രൂപയായി (ഇപ്പോള്‍ 6000) ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഭൂമി ലേലം ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാര നയം കൊണ്ടുവരും.
സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ആന്റി റോമിയോ സ്‌ക്വാഡ്, എല്ലാ ജില്ലയിലും ‘മഹിളാ തന’, എല്ലാ പോലീസ് സ്റ്റേഷനുകളിലും ‘മഹിളാ ഡെസ്‌ക്’.
'ലാഡോ പ്രോത്സാഹന്‍ യോജന'യിൽ, സംസ്ഥാനത്ത് ജനിക്കുന്ന ഓരോ പെണ്‍കുട്ടിക്കും 2 ലക്ഷം രൂപയുടെ സേവിങ്സ് ബോണ്ട് തുറക്കുകയും പ്രതിമാസ തുക നിക്ഷേപിക്കുകയും ചെയ്യും. ആറാം ക്ലാസിനു ശേഷം തുക വര്‍ധിപ്പിക്കും.
ലഖ്പതി ദീദി പദ്ധതിയിൽ പെടുത്തി ആറ് ലക്ഷത്തോളം ഗ്രാമീണ സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം, 12-ാം ക്ലാസ് പരീക്ഷ പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറുകള്‍, പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് കെ.ജി മുതല്‍ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, മൂന്ന് മഹിളാ പോലീസ് ബറ്റാലിയനുകള്‍, പ്രധാനമന്ത്രി മാതൃ വന്ദന്‍ പദ്ധതിക്ക് കീഴിലുള്ള ധനസഹായം 5,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയർത്തും.
യുവാക്കള്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം സര്‍ക്കാര്‍ ജോലികള്‍, പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍, പുസ്തകങ്ങള്‍, യൂണിഫോം എന്നിവ വാങ്ങാന്‍ 12,000 രൂപ വാര്‍ഷിക സഹായം.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എന്നിവയുടെ മാതൃകയില്‍ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും. 15 ലക്ഷം രൂപവരെ ഈടില്ലാത്ത വിദ്യാഭ്യാസ വായ്പ നൽകും.
ഭമാഷാ ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനിലൂടെ ആരോഗ്യ മേഖലയില്‍ 40,000 കോടി രൂപയുടെ നിക്ഷേപം. 15,000 ഡോക്ടര്‍മാരെയും 20,000 പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കും. ഗാര്‍ഹിക മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം, ജയ്പുര്‍ മെട്രോയുടെ വിപുലീകരണം, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് പേര്‍ക്ക് സൗജന്യ റേഷന്‍. വയോജന പെന്‍ഷന്‍ വര്‍ധന, ഭിന്നശേഷിക്കാർക്ക് പ്രതിമാസം 1500 രൂപ പെന്‍ഷന്‍. സംസ്ഥാനത്തെ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ടൂറിസം മേഖലയെ ആകര്‍ഷിക്കുന്നതിനായി 2000 കോടി രൂപയുടെ കോര്‍പസ് ഫണ്ട്.
എസ്‌സി, എസ്ടി ക്ഷേമം, തെരുവ് കച്ചവടക്കാര്‍, ചരക്ക് തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായി വിവിധ പ്രഖ്യാപനങ്ങള്‍. ഒബിസി ക്ഷേമത്തിനായി, സമയബന്ധിതമായി ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി സങ്കൽപ് പത്രയിലൂടെ മുന്നോട്ടുവച്ചത്. ഈ വാഗ്ദാനങ്ങളെ ജനം ഏറ്റെടുത്ത കാഴ്ചയാണ് ഫലപ്രഖ്യാപനത്തിൽ കാണുന്നത്.
∙ മോദി ഫാക്ടർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ‘വികസന മന്ത്രം’ മുൻനിർത്തിയാണ് സമീപകാല തിരഞ്ഞെടുപ്പുകളെയെല്ലാം ബിജെപി നേരിട്ടത്. കർണാടകയിൽ അതിൽ തിരിച്ചടി ഉണ്ടായെങ്കിലും ഉത്തരേന്ത്യയിൽ തങ്ങൾക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഓരോ ഘട്ടത്തിലും ബിജെപി പ്രചാരണവുമായി മുന്നേറിയത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും മോദി സർക്കാർ കൊണ്ടുവന്നെന്ന വാദം വോട്ടർമാർക്കു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ ബിജെപി വലിയ തോതിൽ വിജയിക്കുകയും ചെയ്തു.
ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും അതിനുള്ള ലഭിച്ച ആഗോള അംഗീകാരങ്ങളും ബിജെപി പലപ്പോഴും പ്രചാരണ റാലികളിൽ വിഷയമാക്കി. ശാസ്ത്ര സാങ്കേതിക മേഖലയ്ക്കും സാമൂഹിക സുരക്ഷയ്ക്കും മുൻ സർക്കാരുകൾ ആവശ്യമായ പരിഗണന നൽകിയില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക ശക്തിയായി ഉയരുന്ന ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ പലപ്പോഴായി പറഞ്ഞു. മോദിക്ക് രാജ്യാന്തരതലത്തിൽ കൂടിവരുന്ന പിന്തുണയേയും അവർ പ്രചാരണായുധമാക്കി.
∙ ഫലം നിർണയിച്ച ജാതി സമവാക്യങ്ങൾ
ജാട്ട്, രജപുത്, ഗുജ്ജറുകൾ – രാജസ്ഥാനിലെ തിരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന വിഭാഗങ്ങളാണിവ. തിരഞ്ഞെടുപ്പിനു മുൻപു ചേർന്ന മാഹാപഞ്ചായത്തുകളിൽ ഈ മൂന്നു വിഭാഗക്കാരും കോൺഗ്രസിനും ബിജെപിക്കും വ്യക്തമായ സ്ന്ദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറ് മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ജാട്ടുകൾ ആകെ ജനസംഖ്യയുടെ 9 ശതമാനം വരും. സംസ്ഥാനത്തെ 85 മണ്ഡലങ്ങളിലും ഇവരുടെ സാന്നിധ്യം ശക്തമാണ്. ഇരു പാർട്ടികളിലും ജാട്ടുകളുടെ സാന്നിധ്യവുമുണ്ട്.
ജനസംഖ്യയിൽ 6 ശതമാനമുള്ള രജപുത്തുകളാണ് രണ്ടാമത്തെ വിഭാഗം. ദീർഘകാലമായി ബിജെപിക്ക് പിന്തുണ നൽകുന്ന വിഭാഗമാണിത്. 2018ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച 29ൽ 24 പേരും ജയിച്ചുകയറി. ഇത്തവണയും രജപുത് വിഭാഗക്കാർക്ക് ബിജെപി ആവശ്യത്തിന് സീറ്റ് നൽകിയിട്ടുണ്ട്. ഒപ്പം ഇതേവിഭാഗത്തിൽപെട്ട, സിറ്റിങ് എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡിനേയും ദിയാ കുമാരിയേയും ബിജെപി കളത്തിലിറക്കി.
സാധാരണ ഗതിയിൽ ബിജെപിക്കൊപ്പം നിൽക്കുന്ന ഗുജ്ജറുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പമായിരുന്നു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കുകയും പിന്നീട് ആ സ്ഥാനവും നഷ്ടപ്പെടുകയും ചെയ്തതോടെ ഗുജ്ജറുകൾ ബിജെപിക്കൊപ്പമായി. കരൗളി, ടോങ്ക്, ദൗസ ഉൾപ്പെടെ മുപ്പതോളം മണ്ഡലങ്ങളിൽ ഗുജ്ജറുകൾക്ക് നിർണായക സ്വാധീനമുണ്ട്.
∙ കോൺഗ്രസിന് വിനയായി ഉൾപാർട്ടി പോരുകൾ
സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ദേശീയതലത്തിലെ പ്രധാന നേതാക്കളെല്ലാം എത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമായിരുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് വേദി പങ്കിട്ടെങ്കിലും പാർട്ടിക്കുള്ളിലെ കലാപത്തീയണയ്ക്കാൻ അത് മതിയാവുമായിരുന്നില്ല. കഴിഞ്ഞ അഞ്ചുവർഷമായി രൂക്ഷമായ ഭിന്നത തുടരുന്ന രാജസ്ഥാൻ കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും പലപ്പോഴും അത് വ്യക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പാർട്ടി പ്രചാരണം നയിക്കുമ്പോഴും താനാണ് ഒന്നാമൻ എന്ന രീതിയിലായിരുന്നു ഗെലോട്ടിന്റെ പല പ്രസ്താവനകളും. ഇതിൽ തനിക്കുള്ള നീരസം സച്ചിൻ മറച്ചുവച്ചില്ല. പ്രിയങ്ക ഗാന്ധിയോടുൾപ്പെടെ ഇക്കാര്യം സച്ചിൻ ചർച്ച ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപ്, മേയിൽ ഗെലോട്ടിനെ രൂക്ഷമായി വിമർശിച്ച് സച്ചിൻ രംഗത്തു വന്നിരുന്നു. ഗെലോട്ട് വസുന്ധരയുടെ ആളാണെന്നും അതിനാലാണ് മുൻ ബിജെപി സർക്കാരിന്റെ അഴിമതികൾ അന്വേഷിക്കാത്തതെന്നും സച്ചിൻ ആരോപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മ തുടരുകയാണെന്നും യുവാക്കളുടെ ഭാവിയിൽ ഗെലോട്ടിന് യാതൊരു ആശങ്കയുമില്ലെന്നും സച്ചിൻ തുറന്നടിച്ചിരുന്നു. ഭരണപക്ഷത്തു നിന്നുള്ള ഇത്തരം വിമർശനങ്ങൾ കോൺഗ്രസിനു വിനയായി. യുവാക്കൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഭരണപക്ഷത്തിനെതിരെ തിരിയാനും ഇത് കാരണമായി. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇതിനെ മറികടക്കാൻ പാർട്ടി സ്വീകരിക്കുന്ന തീരുമാനങ്ങൾ നിർണായകമാകും.
∙ ബിജെപിക്ക് മുന്നിൽ ഇനിയും കടമ്പകൾ
തിരഞ്ഞെടുപ്പിൽ വിജയം നേടാനായെങ്കിലും ബിജെപിക്കുള്ളിലെ പല പ്രശ്നങ്ങൾക്കും ഇനിയും പരിഹാരം കാണേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉൾപ്പെടെ പ്രഖ്യാപിക്കാതെയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തേ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയുമായി കേന്ദ്ര നേതൃത്വം അത്ര രസത്തിലല്ല. പ്രതിപക്ഷ നേതാവായിരുന്ന രാജേന്ദ്ര റാത്തോഡിനെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. എന്നാൽ സിറ്റിങ് എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചതോടെ അവരിൽ ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുയർന്നു. ഇക്കാര്യത്തിലുള്ള ഭിന്നത പരിഹരിക്കാൻ കേന്ദ്രനേതൃത്വം ഏതുതരത്തിലാകും ഇടപെടൽ നടത്തുക എന്നത് കാത്തിരുന്നു കാണണം. സങ്കൽപ് പത്രയിലൂടെ വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച പാർട്ടിക്ക് അവ എത്രയും വേഗത്തിൽ നടപ്പിൽ വരുത്തേണ്ടതും അത്യാവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ വിജയമുറപ്പിക്കാൻ ഭിന്നതകൾ മറന്ന് പ്രവർത്തിക്കാനുള്ള നിർദേശം വന്നേക്കാം. പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേൽക്കാത്ത വിധത്തിലാകും ഈ വിഷയങ്ങളിൽ ബിജെപി പരിഹാരം കാണുക.