ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ, സർക്കാർ രൂപീകരിക്കാനുള്ള ചടുലനീക്കങ്ങളുമായി കോണ്‍ഗ്രസ്. ഗവര്‍ണർ തമിഴിസൈ സൗന്ദരരാജനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡിയും ഉള്‍പ്പെടെയുള്ള നേതാക്കൾ ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 10ന് നിയമസഭാ കക്ഷിയോഗം ചേരും. എംഎല്‍എമാരുമായി എഐസിസി നേതാക്കളും കൂടിക്കാഴ്ച നടത്തി.

119 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റിലാണു കോൺഗ്രസ് ജയിച്ചത്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) 39 സീറ്റിലും ബിജെപി 8 സീറ്റിലും എഐഎംഐഎം 7 സീറ്റിലും സിപിഐ ഒരു സീറ്റിലും ജയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) ഗവർണർ തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് നൽകിയിരുന്നു. 

അതിനിടെ, തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്തു. ഡിജിപി അഞ്ജനി കുമാർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫിസർ സഞ്ജയ് ജെയിൻ, മഹേഷ് എം.ഭഗവത് എന്നിവർ ഹൈദരാബാദിലെ കോൺഗ്രസ് സ്ഥാനാർഥിയും പിസിസി അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.

രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തെക്കുറിച്ച് സഞ്ജയ് കുമാർ ജെയിൻ, മഹേഷ് എം.ഭഗവത് എന്നിവരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. തിരഞ്ഞെടുപ്പിൽ മത്സരിച്ച 2,290 സ്ഥാനാർഥികളിൽ ഒരാളെയും മത്സരരംഗത്തുണ്ടായിരുന്ന 16 രാഷ്ട്രീയ പാർട്ടികളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ താര പ്രചാരകനെയും കാണാൻ ഡിജിപി തീരുമാനിച്ചത് പ്രീതി തേടാനുള്ള ദുരുദ്ദേശ്യത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.

English Summary:

Congress delegation meets Telangana Governor, stakes claim to form government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com