കണക്കുകൂട്ടൽ പിഴച്ചു; ഛത്തീസ്ഗഡിൽ ബിജെപിയുടെ മധുരപ്രതികാരത്തിൽ തകർന്ന് കോൺഗ്രസ്
Mail This Article
റായ്‌പുർ∙ വിജയം ഉറപ്പാക്കി നീങ്ങിയിരുന്ന കോൺഗ്രസിനേറ്റ കനത്ത പ്രഹരമാണ് ഛത്തീസ്ഗഡിലെ പരാജയം. കാർഷികമേഖലയുടെ കൂട്ടുപിടിച്ച് വിജയത്തിനു കൈ കൊടുക്കാമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അതു കണക്കാക്കി സംസ്ഥാനത്തെ 70 ശതമാനത്തോളം വരുന്ന കാർഷിക മേഖലയ്‌ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് ഭൂപേഷ് ബാഗേൽ സർക്കാർ നടപ്പാക്കിയത്. അതിനു പുറമേ, തുടർഭരണത്തിലേറിയാൽ സബ്സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടർ നൽകുമെന്നടക്കമുള്ള പ്രഖ്യാപനങ്ങളും പിന്നാലെയെത്തി.
എന്നാൽ, കോൺഗ്രസ് സർക്കാരിന്റെ അഴിമതി ചൂണ്ടിക്കാട്ടി താഴെത്തട്ടിലുള്ള പ്രചാരണത്തിലൂടെയാണ്, 15 വർഷത്തെ തുടർഭരണം അവസാനിപ്പിച്ച കോൺഗ്രസിനോട് ബിജെപി പ്രതികാരം ചെയ്തത്. രാഹുൽ, പ്രിയങ്ക, ഖർഗെ തുടങ്ങിയ നേതാക്കളുടെ പ്രവർത്തനങ്ങളെ നിഷ്‌പ്രഭമാക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനം.
താഴേത്തട്ടിൽ നിശബ്ദമായി ശക്തിനേടി
തുടർഭരണം നേടുമെന്ന് ഉറപ്പാക്കി കോൺഗ്രസ് കരുത്താർന്ന പ്രവർത്തനം നടത്തുമ്പോൾ, താഴെത്തട്ടിൽ ജനങ്ങൾക്കിടയിലായിരുന്നു ബിജെപിയുടെ ഇടപെടലുകൾ. സംസ്ഥാന വ്യാപകമായി ജനപ്രീതിയുള്ള നേതാക്കൾ ഇല്ലാതിരുന്നതിനാൽ കോൺഗ്രസ് വാഗ്ദാനങ്ങളിലെ അതൃപ്തികൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചതാണ് നേട്ടമായത്.
പ്രീ പോൾ സർവേകളിലെ അപകടം തിരിച്ചറിഞ്ഞായിരുന്നു ബിജെപിയുടെ പ്രവർത്തനങ്ങളെല്ലാം. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് പ്രകടനപത്രിക തയാറാക്കിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ സാമ്പത്തിക സഹായം, പാവപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ, നെല്ല് ക്വിന്റലിന് 3,100 രൂപയ്ക്ക് സംഭരണം, പാവപ്പെട്ടവർക്കായി 18 ലക്ഷം വീടുകൾ തുടങ്ങിയവ ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.
അഴിമതി ആരോപണങ്ങൾ സ്വാധീനിച്ചു
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായി അഴിമതി ആരോപണങ്ങൾ കൃത്യമായി ബിജെപിക്ക് ഉയർത്താനായി. ബാഗേലിന് മഹാദേവ് വാതുവയ്പ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയെന്ന് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയതും സ്വാധീനിച്ചു. ഇതിനെതിരെ ബാഗേലിന്റെ മറുപടിയും ചർച്ചയായി. സംസ്ഥാനത്തെ 69 ആരോപണങ്ങളടങ്ങിയ കുറ്റപത്രവും ബിജെപി പുറത്തിറക്കി. ബാഗേലിനെതിരെ അദ്ദേഹത്തിന്റെ ബന്ധുവും എംപിയുമായ വിജയ് ബാഗേലിനെ രംഗത്തിറക്കിയതും തിരിച്ചടിയായി. ഇതോടൊപ്പം ഉപമുഖ്യമന്ത്രി ടി.എസ്.സിങ് ദേവും മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യവും ചർച്ചയായി.
സാഹു സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെട്ടു
ഛത്തീസ്ഗഡിലെ ഏറ്റവും പ്രബലമായ ഒബിസി വിഭാഗമാണ് സാഹു സമുദായം. സംസ്ഥാനത്തെ ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന സാഹു വിഭാഗത്തിന് 25 മണ്ഡലങ്ങളിൽ സ്വാധീനമുണ്ട്. കഴിഞ്ഞ തവണ ഇവരുടെ പിന്തുണ നേടിയതാണ് കോൺഗ്രസിന് സഹായകമായത്. ഈ പിന്തുണ നിലനിർത്താനായില്ല. കോൺഗ്രസ് 9 സാഹു സ്ഥാനാർഥികളെ രംഗത്തിറക്കിയപ്പോൾ, ബിജെപി 11 പേർക്കാണ് സീറ്റ് നൽകിയത്.