‘നെല്ലിന് കേരളം നല്‍കുന്നത് രാജ്യത്തെ ഏറ്റവുമുയർന്ന സംഭരണവില; കര്‍ഷകരെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ നയം’
Mail This Article
പാലക്കാട് ∙ നെല്ലിന് രാജ്യത്ത് ഏറ്റവും കൂടുതൽ സംഭരണവില നൽകുന്നത് കേരളമാണെന്നും നെല്‍കര്‍ഷകരെ സംരക്ഷിക്കുകയെന്നതു സര്‍ക്കാര്‍ നയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെല്ലിന് കേന്ദ്രം ഏർപ്പെടുത്തിയ താങ്ങുവില 20 രൂപ 40 പൈസയാണ്. എന്നാൽ കേരളം 28 രൂപ 20 പൈസ നൽകിയാണ് നെല്ല് സംഭരിക്കുന്നത്. കേന്ദ്രത്തിന്റെ തുക ലഭിക്കാതെതന്നെ കേരളത്തിലെ നെൽ കർഷകരുടെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും നൽകാൻ സർക്കാരിന് കഴിഞ്ഞു. നെല്ല് അരിയാക്കാൻ വേണ്ടിവരുന്ന തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പിആർഎസിലൂടെ അഡ്വാൻസായി പണം എടുത്തതിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള ബാധ്യതയും കർഷകർക്ക് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘‘നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് നവകേരള സദസ്സിനോട് അനുബന്ധിച്ച് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാതസദസ്സില്‍ പങ്കെടുത്തവർ ഉയർത്തിയ ഒരു വിഷയം. സംസ്ഥാനത്ത് നെൽകൃഷിയുടെ ഏറ്റവും വലിയ കേന്ദ്രമാണ് എന്നതാണ് പാലക്കാടിന്റെ പ്രത്യേകത. ഈ മേഖലയിൽ വലിയ ശ്രദ്ധയാണ് സർക്കാർ കൊടുക്കുന്നത്. നല്ലതോതിൽ നെല്ലിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കാനായി. 2547ൽനിന്നും 4560 ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ റോയൽറ്റി അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സപ്ലൈകോ വഴി 5,17,794 ടൺ നെല്ലാണ് സംഭരിച്ചത്. സംഭരണ വിലയായി കർഷകർക്ക് 1322 കോടി രൂപ നൽകി. 1,75,610 കർഷകർക്കാണ് ഇത് പ്രയോജനപ്പെട്ടത്.
മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുളള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. ഈ പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കും. ഇപ്പോൾ പിന്തുടരുന്ന വിള-കേന്ദ്രീകൃത സമീപനത്തിന്റെ അപര്യാപ്തത കണക്കിലെടുത്തു കൃഷിയിടാധിഷ്ഠിത വികസന സമീപനത്തിലുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. നെല്‍കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അവരെ സഹായിക്കാനുള്ള ഒട്ടേറെ നടപടികള്‍ എടുത്തുകഴിഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗൗരവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്.
സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നങ്ങളും പുതിയസംവിധാനം കൊണ്ടുവരുന്നതിലെ സാങ്കേതികമായ തടസ്സങ്ങളുമാണ് ഇടപെടലുകള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. എങ്കിലും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്ടാകാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കാനായി.’’ –മുഖ്യമന്ത്രി പറഞ്ഞു.