കെസിആറിനെതിരെ പോരിനിറങ്ങിയ ചങ്കുറപ്പ്; ‘തെലങ്കാനയുടെ ഡികെ’, രേവന്ത് റെഡ്ഡിയെന്ന മാന്ത്രികൻ
Mail This Article
ഹൈദരാബാദ്∙ ‘ഒന്നുമില്ലായ്മയിൽ നിന്നൊരു ഒന്നൊന്നര വിജയം’ – തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ചരിത്ര വിജയത്തെ ഇങ്ങനെ സംഗ്രഹിക്കാം. ആ അദ്ഭുത വിജയത്തിനു പിന്നിലെ മാന്ത്രികനാണ് എ.രേവന്ത് റെഡ്ഡിയെന്ന അൻപത്തിനാലുകാരൻ. തെലങ്കാന പിസിസി അധ്യക്ഷൻ. ആൾക്കൂട്ടങ്ങളുടെ നായകൻ. രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി മണ്ഡലത്തിലെ എംപി. രേവന്ത് റെഡ്ഡി തന്നെ ഇനി തെലങ്കാന മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുമെന്ന് വിശ്വസിക്കുന്നവർ ഒട്ടേറെ. കർണാടക കോൺഗ്രസിനെ സംബന്ധിച്ച് ഡി.കെ.ശിവകുമാർ എന്താണോ, അതു തന്നെയാണ് തെലങ്കാന കോൺഗ്രസിന് രേവന്ത് റെഡ്ഡി.
രക്തസാക്ഷികളുടെയും നാലു കോടിയിലധികം വരുന്ന ജനങ്ങളുടെയും സ്വപ്ന സാക്ഷാത്കാരത്തിനുള്ള സമയമാണ് ഇതെന്നാണ്, തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിന് അനുകൂലമാണെന്ന് ഉറപ്പായതിനു പിന്നാലെ രേവന്തിന്റെ പ്രതികരണം. തെലങ്കാന സംസ്ഥാനമെന്ന ആവശ്യവുമായി ആത്മാഹുതി ചെയ്ത ശ്രീകാന്ത് ചാരിയെന്ന രക്തസാക്ഷിയെക്കുറിച്ചാണ്, വിജയമുറപ്പിച്ചതിനു പിന്നാലെ അദ്ദേഹം ആദ്യം പ്രതികരിച്ചത്. കെസിആർ എന്ന വൻമരത്തെ വീഴ്ത്തി തെലങ്കാനയിലെ ജനങ്ങളുടെ ഹൃദയത്തിലേക്ക് അദ്ദേഹം എങ്ങനെ നടന്നുകയറിയെന്ന് ഇതിൽനിന്നു തന്നെ വ്യക്തം.
‘തെലങ്കാനയുടെ അഭിലാഷങ്ങൾ എക്കാലവും ഉയർത്തിപ്പിടിച്ച അനശ്വര വ്യക്തിത്വങ്ങൾക്ക് നന്ദി... ഈ അനശ്വര വ്യക്തികളുടെയും നാല് കോടി ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റേണ്ട സമയമാണിത്’ – രേവന്ത് റെഡ്ഡി കുറിച്ചു.
2018 ൽ കോൺഗ്രസ് 19 സീറ്റിൽ വിജയിച്ച സംസ്ഥാനമാണ് തെലങ്കാന. എന്നാൽ, ബിആർഎസിലേക്കുള്ള കൂറുമാറ്റത്തെത്തുടർന്ന് നിയമസഭയിൽ അംഗബലം അഞ്ചായി കുറഞ്ഞിരുന്നു. ഈ സ്ഥിതിയിൽനിന്ന് കേവലഭൂരിപക്ഷമായ 60 സീറ്റിലെത്തുകയെന്നത് എളുപ്പമല്ലെന്നു വിലയിരുത്തലുണ്ടായെങ്കിലും, രേവന്ത് െറഡ്ഡിയെന്ന നായകനു കീഴിൽ അസാധ്യമായത് കോൺഗ്രസ് സാധ്യമാക്കിയെടുത്തു.
എബിവിപിയുടെ ഭാഗമായി പൊതുജീവിതം ആരംഭിച്ച രേവന്ത് റെഡ്ഡി, തെലുങ്കു ദേശം പാർട്ടിയിൽനിന്നാണ് കോൺഗ്രസ് പാളയത്തിലെത്തിയത്. റെഡ്ഡിയുടെ വരവാണ് ഒന്നുമില്ലായ്മയിൽനിന്നു ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിനു ബലമായത്. 2021ൽ രേവന്തിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു.
സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം പടിപടിയായി ബലപ്പെടുത്തിയെടുത്ത രേവന്ത് റെഡ്ഡി, ഇത്തവണ കെസിആർ എന്ന വൻമരത്തിന്റെ സ്വന്തം മണ്ഡലമായ കാമറെഡ്ഡിയിൽ പോരാട്ടത്തിന് ഇറങ്ങിയത് അദ്ദേഹത്തിനു നൽകിയ രാഷ്ട്രീയ മൈലേജ് ചെറുതല്ല. അവിടെ വിജയം ലക്ഷ്യമിട്ടു മുന്നേറുന്നതോടെ, തെലങ്കാന രാഷ്ട്രീയത്തിൽ അദ്ദേഹം സൂപ്പർതാരമായി മാറുകയാണ്. കെസിആറിനെതിരെ നേർക്കുനേർ പോരാട്ടത്തിനു ചങ്കുറപ്പുള്ള നേതാവ് എന്ന ലേബലാകും തുടർന്നും തെലങ്കാനയിൽ കോൺഗ്രസിന്റെയും രേവന്ത് റെഡ്ഡിയുടെയും ഭാവി നിർണയിക്കുക എന്ന് തീർച്ച.
ഇതിനെല്ലാം പുറമേ, കൊടങ്കലിൽ കൈവിട്ടുപോയ തട്ടകം തിരിച്ചുപിടിക്കാനുള്ള ശ്രമം വിജയത്തോട് അടുക്കുന്നതിന്റെ ആഹ്ലാദവുമുണ്ട്. 2009, 2014 തിരഞ്ഞെടുപ്പുകളിൽ കൊടങ്കലിൽ നിന്നുള്ള ടിഡിപി എംഎൽഎയായിരുന്നു രേവന്ത്. 2017 ൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസിലെ പട്നം നരേന്ദ്ര റെഡ്ഡിയോട് 9319 വോട്ടിനു തോറ്റു. സിറ്റിങ് എംഎൽഎയായ നരേന്ദ്ര റെഡ്ഡി തന്നെ പ്രധാന എതിരാളിയായി എത്തിയ ഈ തിരഞ്ഞെടുപ്പിൽ, വൻ വിജയത്തോടെ തട്ടകം തിരിച്ചുപിടിക്കാനാണ് രേവന്തിന്റെ ശ്രമം.