പോറലേൽക്കാതെ മോദി പ്രഭാവം; ജാതി സർവേ, ഭരണവിരുദ്ധ വികാരം... പ്രതിപക്ഷ കണക്കുകൂട്ടൽ പൊളിച്ചടുക്കി ബിജെപി
Mail This Article
ന്യൂഡൽഹി∙ നാലു സംസ്ഥാനങ്ങളിലെ ചിത്രം തെളിയുമ്പോൾ വലിയ ആത്മവിശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ബിജെപി. മൂന്നു സംസ്ഥാനങ്ങളിലെ വമ്പൻ വിജയം മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരുന്നതാണ്. പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തകർത്തെറിഞ്ഞാണു ബിജെപിയുടെ വമ്പൻ വിജയം.
ഹിമാചലിലും കർണാടകയിലും ബിജെപി പരാജയം നേരിട്ടപ്പോൾ ‘മോദി ബ്രാൻഡ്’ ഇനിയില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതിപക്ഷം. ബിജെപിയെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി കഴിയില്ലെന്ന നിഗമനത്തിലേക്കു പ്രതിപക്ഷം എത്തി. പ്രതിച്ഛായ സംരക്ഷിക്കാൻ ബിജെപിയോളം കൃത്യമായി അറിയുന്ന മറ്റൊരു പാർട്ടിയില്ലെങ്കിലും ജനങ്ങളുമായുള്ള മോദിയുടെ ബന്ധത്തിൽ മങ്ങലേറ്റെന്നും പ്രതിപക്ഷം ധരിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ ധാരണ നുള്ളിയെറിയാൻ മോദിക്കു കഴിഞ്ഞു.
മധ്യപ്രദേശിൽ ഭരണം ബിജെപിയുടെ കയ്യിലായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരുന്നു. 2019 ൽ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയതു തന്നെ പിൻവാതിലിലൂടെയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി ആരെയും ഉയർത്തിക്കാട്ടിയതു പോലുമില്ല. എന്നിട്ടും ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായി.
പാവപ്പെട്ടവരെ എൻഡിഎ സർക്കാർ കയ്യൊഴിഞ്ഞെന്നായിരുന്നു കണക്കുകളെ ഉദ്ധരിച്ചു ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളും ചില സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നത്. എന്നാൽ ഗ്രാമീണ മേഖലകളിലെ സീറ്റുകളിൽ ബിജെപി മികച്ച വിജയം കൈവരിച്ചെന്നതാണു വസ്തുത. മധ്യപ്രദേശിലെ 194 ഗ്രാമീണ മേഖലാ സീറ്റുകളിൽ 137ൽ ബിജെപി വിജയിച്ചു. രാജസ്ഥാനിലെ 174 ഗ്രാമീണ മേഖലാ സീറ്റുകളിൽ 97 എണ്ണത്തിലും ബിജെപിക്കാണു ജയം. ബിജെപി വിരുദ്ധ വികാരം ഗ്രാമീണ മേഖലയിൽ ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ.
ജാതി സർവേ എന്ന വാഗ്ദാനത്തിലൂടെ വോട്ടുകൾ പെട്ടിയിൽവീഴുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. ബിജെപിയുടെ സവർണ പക്ഷപാതിത്വം ന്യൂനപക്ഷങ്ങളെ മോശമായി ബാധിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ ഈ ആരോപണവും ഫലം കണ്ടില്ല. എസ്‍സി, എസ്‍ടി, ഇബിസി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം) വിഭാഗങ്ങൾ ബിജെപിക്കു വോട്ടുനൽകി.
മധ്യപ്രദേശിൽ 67 ഒബിസി സീറ്റുകളിൽ 51 ഇടത്താണ് ബിജെപി വിജയിച്ചത്. 47 ട്രൈബൽ സീറ്റുകളിൽ 27 ഇടത്തും വിജയിച്ചു. ഛത്തീസ്ഗഡിൽ 10 എസ്‍സി സീറ്റുകളിൽ അഞ്ചിടത്ത് ബിജെപിയാണ്. 29 ട്രൈബൽ സീറ്റുകളിൽ 19 ഇടത്തും ബിജെപി ജയിച്ചു. രാജസ്ഥാനിൽ 107 ഒബിസി സീറ്റുകളിൽ 58 എണ്ണത്തിൽ ബിജെപി വിജയിച്ചു. 25 ട്രൈബൽ സീറ്റുകളിൽ 12 ഇടത്തും ബിജെപിയാണു ജയിച്ചത്.
നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസം വ്യക്തമാക്കുന്നതായിരുന്നു മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സ്ത്രീ വോട്ടർമാരുടെ വർധന. മധ്യപ്രദേശിൽ 18.3 ലക്ഷം സ്ത്രീകളാണു വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തേക്കാൾ രണ്ടുശതമാനം കൂടുതലാണിത്. ബിജെപിയുടെ എല്ലാ ക്ഷേമപദ്ധതികളിലും സ്ത്രീകളെ ആകർഷിക്കുന്ന എന്തെങ്കിലും ഘടകമുണ്ട്. തന്നെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിലുള്ള ജാതി സ്ത്രീകളാണെന്നായിരുന്നു ജാതി സെൻസസ് വിഷയത്തിൽ പ്രതിപക്ഷ കടന്നാക്രമണങ്ങളോടുള്ള പ്രധാനമന്ത്രിയുടെ മറുപടി. സ്ത്രീ വോട്ടർമാർ ഇതിനു പ്രധാനമന്ത്രിക്കു വോട്ടായി മറുപടി നൽകിയെന്ന് അനുമാനിക്കാം.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ചെങ്കിലും ദക്ഷിണേന്ത്യയിലേക്ക് കടക്കാൻ ബിജെപിക്കായിട്ടില്ല. എന്നാൽ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് 29 ലോക്സഭാ സീറ്റുണ്ട്. കോൺഗ്രസിന് 30 സീറ്റുകളാണുള്ളത്. തെലങ്കാനയിൽ ഭരണം കോൺഗ്രസ് പിടിച്ചെങ്കിലും ബിജെപിയോടുള്ള സ്വീകര്യത വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 9 സീറ്റുകളാണ് തെലങ്കാനയിൽ ബിജെപി നേടിയത്.