തീവ്രചുഴലിക്കാറ്റായി മിഷോങ്: ചെന്നൈയിൽ കനത്ത മഴ; റോഡിൽ മുതലയിറങ്ങി, ജാഗ്രതാ നിർദ്ദേശം – വിഡിയോ
Mail This Article
ചെന്നൈ∙ തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ചെന്നൈയിൽ, മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേർക്കുൻട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോർട്ടുകൾ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.
കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീച്ചിൽ കടൽനിരപ്പ് അഞ്ച് അടിയോളം ഉയർന്നു. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ചെന്നൈ ഉൾപ്പെടെ ആറു ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.