ഇന്നലെ സുരേന്ദ്രനേക്കാൾ സന്തോഷവാൻ പിണറായി വിജയൻ, കാരണം ബിജെപിയുടെ വിജയം: സതീശൻ
Mail This Article
ഒറ്റപ്പാലം∙ ഉത്തരേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചതിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനേക്കാൾ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പകൽ ബിജെപി വിരോധം പറയുമ്പോഴും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിലേക്കു പ്രതിനിധികളെ അയയ്ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതുപോലും കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. ബിജെപിക്കായി സംസാരിക്കുന്ന പിണറായി വിജയന്റെ ഉപദേശം കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു.
‘‘സത്യം പറഞ്ഞാൽ ഇന്നലെ ബിജെപി നേതാവ് കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷത്തിന്റെ കാരണം, വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്. എന്നിട്ട് അദ്ദേഹം കോൺഗ്രസിനെ ഉപദേശിക്കുകയാണ്. കോൺഗ്രസിന് പരാജയമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ പാർട്ടിയുടെ നയപരമായ സമീപനം സംബന്ധിച്ച് ഞങ്ങൾക്ക് പിണറായി വിജയന്റെ ഉപദേശം വേണ്ട. പകൽ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്ന പിണറായി വിജയന്റെ ഉപദേശം ദേശീയ, സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് ആവശ്യമില്ല.
‘‘അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലർത്തുന്നത്. 38–ാമത്തെ തവണയാണ് ലാവ‌്‌ലിൻ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തിൽ ആ ബന്ധം വളർന്നത്? കേരളത്തിൽ തുടങ്ങിയ എല്ലാ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയി. ഇതെല്ലാം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ്.
‘‘എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധികളെ അയയ്ക്കുന്നില്ലെന്ന് സിപിഎം തീരുമാനിച്ചത്? കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. സീതാറം യച്ചൂരി ഉൾപ്പെടെയുള്ളവരാണ് ആ തീരുമാനമെടുത്തത്. സംഘപരിവാറിനു വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കൂട്ടുനിന്ന വ്യക്തിയാണ് പിണറായി വിജയൻ. അദ്ദേഹം ബിജെപിക്കു വേണ്ടിയാണ് സംസാരിക്കുന്നത്. ആ ഉപദേശം ഞങ്ങൾക്കു വേണ്ട.’ – വി.ഡി. സതീശൻ പറഞ്ഞു.