മണിപ്പുരിൽ വീണ്ടും സംഘർഷം: തെങ്നോപാലിൽ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു
Mail This Article
ഇംഫാൽ ∙ മണിപ്പുരിലെ തെങ്നോപാലിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. കുക്കി വംശജർ ധാരാളമായുള്ള പ്രദേശത്തായിരുന്നു വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്തത്. അസം റൈഫിൾസും കരസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലെയ്തു ഗ്രാമത്തിൽനിന്ന് 13 പേരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ടവർ ഗ്രാമത്തിലുള്ളവരല്ലെന്നു സംശയിക്കുന്നതായും അധികൃതർ പറഞ്ഞു. ഇവർ ഇവിടേക്കെത്തി മറ്റൊരു സംഘവുമായി ഏറ്റുമുട്ടലുണ്ടായെന്ന് കരുതുന്നതായും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന സംഘർഷങ്ങളിൽ ഈ മേഖല ഉൾപ്പെട്ടിരുന്നില്ല.
മണിപ്പുർ സർക്കാർ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് ചിലയിടങ്ങളിലൊഴികെ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. കലാപത്തിന്റെ പശ്ചാത്തലത്തിൽ മേയ് 3 മുതൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. നിലവിൽ ക്രമസമാധാനനില സാധാരണ ഗതിയിലേക്ക് മടങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവം.