ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്
Mail This Article
തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയെന്നാരോപിച്ചാണ് സതീശൻ കത്തു നൽകിയത്.
മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. കേരള നിയമസഭാ പാസാക്കിയ നിയമത്തില്‍ വിസി നിയമനത്തില്‍ പ്രൊ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
ആര്‍.ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.