ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരള പൊലീസിന്റെ നടപടികള്‍ ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ഒരുപറ്റം പൊലീസുകാര്‍ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണ്. 

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സംസ്ഥാന ഭരണകൂടം ശ്രിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. 

പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഇത്തരം നടപടി അനുവദിക്കാൻ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

ഗവർണമാർ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ചർച്ച ചെയ്യണം: കൊടിക്കുന്നിൽ

കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ഗവർണർമാർ സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ സുപ്രധാന ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് നോട്ടിസ് നൽകി.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ അംബാസഡറന്മാർ ആവാൻ വേണ്ടിയല്ല ഗവർണമാർ പദവി ഉപയോഗിക്കേണ്ടത്. സംസ്ഥാനങ്ങളുടെ വികസനവും ദൈനംദിന ഭരണവും തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നത് വഴി ഗവർണമാർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുകയാണ്.

ബില്ലുകളുടെ അംഗീകാരത്തിനും പരിശോധനയ്ക്കും സമയം നൽകിയിട്ടുള്ളതിനെ വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിലെ അധികാര നിയന്ത്രണ സന്തുലന സംവിധാനങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.

English Summary:

Pinarayi Vijayan using force to attack protesters: K Sudhakaran in Loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com