'സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തായ ഡോക്ടര്‍ പിന്മാറി'; നെഞ്ചുലഞ്ഞ് എല്ലാം അവസാനിപ്പിച്ച് ഡോ.ഷഹന
Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. എ.ജെ. ഷഹനയാണ് (26) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകളാണ്.
‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷഹന ആത്മഹത്യ ചെയ്തതു സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്.
മെഡിക്കൽ കോളജിനു സമീപത്തെ ഫ്ലാറ്റിലാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപരി പഠനത്തിനു പ്രവേശനം ലഭിച്ചു. രണ്ടാം വർഷ പിജി വിദ്യാർഥിനിയാണ്. സഹോദരങ്ങൾ ജാസിം നാസ്, സറീന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)