ADVERTISEMENT

ജയ്‌പുർ ∙ അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ രാജസ്ഥാനിൽ ബിജെപിയുടെ അടുത്ത ചർച്ച മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയാണ്. വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെങ്കിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.

7 സിറ്റിങ് എംപിമാർ ബിജെപിക്കായി ഇത്തവണ നിയമസഭാ പോരിനിറങ്ങി. നാലു പേർ ജയിച്ചപ്പോൾ മൂന്നു പേർ തോറ്റു. ജയിച്ചവരോട് എംപി സ്ഥാനം രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചതായാണു റിപ്പോർട്ട്. സംസ്ഥാനത്തു ‘വലിയ റോളുകൾ’ നിർവഹിക്കാനുണ്ടെന്നും ഇവരെ അറിയിച്ചിട്ടുണ്ട്. രാജ്‍‌സമന്ദ് എംപി ദിയ കുമാരി വിദ്യാധർ നഗർ മണ്ഡലത്തിൽനിന്നും ജയ്പുർ റൂറൽ എംപി രാജ്യവർധൻ റാത്തോഡ് ജോട്ട്‌വാരയിൽനിന്നും അൽവാർ എംപി ബാബ ബാലക്‌നാഥ് ടിജാറയിൽനിന്നും രാജ്യസഭാ എംപി കിരോഡി ലാൽ മീണ സവായ് മധോപുരിൽ നിന്നുമാണു ജയിച്ചത്.

നിയമസഭയിലേക്കു ജയിച്ച എംപിമാരോടു സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധിക്കാനാണു നിർദേശം. ഇവരിൽ മൂന്നു പേരെ മുഖ്യമന്ത്രി പദവിയിലേക്കും പരിഗണിക്കുന്നുണ്ട്. വസുന്ധരയെത്തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ ഇവരെ മന്ത്രിമാരായോ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ അധ്യക്ഷരായോ നിയമിക്കും. നിയമസഭാ മത്സരത്തിൽ തോറ്റ എംപിമാരെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കില്ലെന്നാണു സൂചന. 

ഇത്തവണ കഴിഞ്ഞാൽ സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുമെന്നാണു വസുന്ധര പറയുന്നത്. മുഖ്യമന്ത്രി പദത്തിലേക്കു സജീവ പരിഗണനിയിലുള്ള ബാബാ ബാലക്നാഥ് (40) സന്യാസിയാണ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിനെപ്പോലെ രാജസ്ഥാനിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറയിടാൻ കഴിവുള്ളയാളാണു നാഥ് സന്യാസി പരമ്പരയിൽപ്പെട്ട ഇദ്ദേഹമെന്നു ബിജെപി കരുതുന്നു. ജനപിന്തുണയുള്ള മുതിർന്ന നേതാവാണു കിരോഡി ലാൽ മീണ. ജയ്പുർ രാജകുടുംബാംഗമായ ദിയാ കുമാരി, രാജ്യവർധൻ റാത്തോഡ് എന്നിവർക്കൊപ്പം അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നീ കേന്ദ്രമന്ത്രിമാരുടെ പേരു കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്കു കേൾക്കുന്നുണ്ട്.

English Summary:

BJP to Ask Rajasthan Winners to Resign as MP for ‘Bigger Roles’; Lok Sabha Ticket Uncertain for 3 Losers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com