കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം
Mail This Article
കൊല്ലം∙ ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ കെ.ആർ.പത്മകുമാറിന്റെ പോളച്ചിറ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്.
ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബൈക്ക് ചവിട്ടി വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണ ശേഷം സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കടിയേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. ഷീബയുടെ ഭർത്താവിന്റെ ഫോണിലേക്കാണ് വിളി വന്നത്. ‘നിന്റെ ഭാര്യയ്ക്ക് പെട്ടി തയാറാക്കി വച്ചോളൂ’ – എന്നായിരുന്നു സന്ദേശം. വിളിച്ചയാളുടെ ഫോൺ നമ്പർ സഹിതം പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
അതേസമയം, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഇന്നലെ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്ന് ഡിഐജി ആർ. നിശാന്തിനിയുടെ ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കൂടുതൽ ആഴത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് നിർദേശം ലഭിച്ചതോടെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം വിപുലമാകുമെന്നു പ്രതീക്ഷ.
കേസുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങാൻ സാധ്യതയേറി.പിടിയിലായ 3 പ്രതികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത എഡിജിപി എം.ആർ.അജിത്കുമാർ കേസിൽ പ്രതികളെല്ലാം പിടിയിലായെന്നാണു വെളിപ്പെടുത്തിയത്. ഇതിനെതിരെ സംശയങ്ങൾ വ്യാപകമായി ഉയർന്നതോടെ പൊലീസ് പ്രതിരോധത്തിലാണ്. കോടികൾ ആസ്തിയുള്ള കുടുംബം 10 ലക്ഷം രൂപയ്ക്കായി സാധാരണ കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പൊലീസ് കണ്ടെത്തലിൽ സംശയങ്ങൾ ഏറെയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകാനിടയുണ്ടെന്നാണു സംശയം.