‘രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്നത് ആ പാർട്ടി ആലോചിക്കണം; തൃശൂരിൽ ബിജെപിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’
Mail This Article
തൃശൂർ ∙ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത് എന്ന ഇടതു നേതാക്കളുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് പിണറായി ഇതു പറഞ്ഞത്. ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുള്ള മുന്നണിയല്ല ഇന്ത്യ മുന്നണിയെന്നും പിണറായി പറഞ്ഞു. അതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന വിശാലമായ സംവിധാനമാണ്. ഞങ്ങൾ അതിലില്ല, അതു നേരത്തെ വ്യക്തമാക്കിയതാണ്.
തൃശൂരൊന്നും ബിജെപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇപ്പോഴെന്നല്ല, ഒരു ഘട്ടത്തിലും ആ പ്രതീതി ഉണ്ടാക്കാൻ പറ്റില്ല. സംഘപരിവാറിനു വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കൂട്ടുനിന്ന ആളാണ് പിണറായി വിജയനെന്ന വി.ഡി.സതീശന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, വി.ഡി.സതീശന് എന്തോ പറ്റിയിരിക്കുകയാണ് എന്നായിരുന്നു പിണറായിയുടെ മറുപടി. ഈ പദവിക്കു പുറമേ, ഞാൻ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും ഉണ്ട്. ആ നിലപാട് ആണ് എന്നെ ഭരിക്കുന്നത് എന്ന് സതീശന് അറിഞ്ഞുകൂടെ?. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കിയതായി ടി.എൻ.പ്രതാപൻ പറഞ്ഞെങ്കിൽ അത് നല്ല നീക്കമാണ്. തെറ്റു തിരുത്തുന്നത് നല്ല കാര്യം.
ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സർവേകളെപ്പറ്റി വിലയിരുത്തലൊന്നുമില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്നില്ല. നവകേരള സൃഷ്ടിക്കായുള്ള ആശയം രൂപീകരിക്കാൻ ഉദ്ദേശിച്ചല്ല നവ കേരള യാത്ര. നമുക്ക് മുന്നോട്ടുപോകുന്നതിനുള്ള തടസ്സം എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക പ്രധാനമാണ്. എന്നാൽ, പ്രഭാത സദസ്സിൽ ധാരാളം പുതിയ ആശയങ്ങൾ മുന്നോട്ടുവരുന്നുണ്ടെന്നും പിണറായി പറഞ്ഞു.