പാക്ക് അധീന കശ്മീർ നെഹ്റു കാട്ടിയ 2 വിഡ്ഢിത്തങ്ങളുടെ ഫലമെന്ന് അമിത് ഷാ; പ്രതിഷേധിച്ച് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി∙ പാക്ക് അധീന കശ്മീർ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു സംഭവിച്ച അബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന്, ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അമിത് ഷായുടെ വിവാദ പരാമർശം. അമിത് ഷായുടെ പരാമർശം ബിജെപി നേതാവ് ഗിരിരാജ് സിങ്ങും ആവർത്തിച്ചു. ഇതിനെതിരെ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനത അനുഭവിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കു കാരണം ജവഹർലാൽ നെഹ്റുവാണെന്നായിരുന്നു അമിത് ഷായുടെ പരാമർശം. നെഹ്റു കാട്ടിയ രണ്ടു വിഡ്ഢിത്തങ്ങളാണ് പാക്ക് അധീന കശ്മീരിന്റെ പിറവിക്കു കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടത്തിൽ സംഭവിച്ച രണ്ടു വിഡ്ഢിത്തങ്ങൾ മൂലം എത്രയോ വർഷങ്ങളായി കശ്മീർ ജനത ദുരിതമനുഭവിക്കുന്നു. ഞാൻ വളരെ ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം പറയുന്നത്. നമ്മുടെ സൈന്യം ശക്തമായി മുന്നേറുന്ന സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് വിഡ്ഢിത്തങ്ങളിൽ ഒന്നാമത്തേത്. അങ്ങനെയാണ് പാക്ക് അധീന കശ്മീർ ഉണ്ടായത്. അന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് മൂന്നു ദിവസത്തേക്കു കൂടി താമസിപ്പിച്ചിരുന്നെങ്കിൽ, പാക്ക് അധീന കശ്മീർ അതിനകം ഇന്ത്യയുടെ ഭാഗമാകുമായിരുന്നു’ – അമിത് ഷാ ചൂണ്ടിക്കാട്ടി.
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ മണ്ടത്തരമെന്ന് അദ്ദേഹം വിശദീകരിച്ചു. ‘‘നെഹ്റു കാട്ടിയ രണ്ടാമത്തെ വിഡ്ഢിത്തം, കശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിച്ചതാണ്’ – ഷാ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾ ജൻമനാട്ടിൽനിന്ന് പലായനം ചെയ്യേണ്ടി വന്നതിനു കാരണം കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകാതിരുന്നിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി ശബ്ദമില്ലാതെ പോയ ഒരു ജനതയുടെ തിരിച്ചുവരവാണ് ലോക്സഭയിൽ ഇന്നു പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്ന് അമിത് ഷാ അവകാശപ്പെട്ടു. സ്വന്തം നാടു വിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളേപ്പോലെ കഴിയേണ്ടി വന്ന ജനതയ്ക്ക് നീതി ഉറപ്പാക്കുന്ന ബില്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി അഭയാർഥികൾക്കും പാക്ക് അധീന കശ്മീരിൽനിന്ന് മാറേണ്ടി വന്നവർക്കും എസ്ടി വിഭാഗക്കാർക്കും ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യ അവകാശം ഉറപ്പാക്കുന്നതാണ് ഈ ബിൽ.
ജമ്മു കശ്മീരിൽ 45,000ൽ അധികം ആളുകൾക്കാണ് ഭീകരവാദം നിമിത്തം ജീവൻ നഷ്ടമായതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിന്റെ സാഹചര്യങ്ങളിൽനിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2024ൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമിത് ഷാ, അതിനുശേഷം 2026ഓടെ ജമ്മു കശ്മീരിൽനിന്ന് ഭീകരവാദം തുടച്ചുനീക്കുമെന്ന് വ്യക്തമാക്കി.