ADVERTISEMENT

ന്യൂഡൽഹി∙ പാക്ക് അധീന കശ്മീർ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു സംഭവിച്ച അബദ്ധമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമർശത്തോടു പ്രതികരിച്ച് കോൺഗ്രസ്. ആഭ്യന്തരമന്ത്രി നൽകിയ വിവരത്തിന്റെ ഉറവിടം എന്താണെന്നു വ്യക്തമല്ലെന്നും യുദ്ധത്തിൽ പാക്ക് – ഇന്ത്യൻ സൈന്യങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ എത്തിയതിനാൽ വെടിനിർത്തൽ അനിവാര്യമായെന്നുമായിരുന്നു കോൺഗ്രസ് പ്രതികരണം. 

പാക്കിസ്ഥാനുമായുള്ള യുദ്ധം പ്രതിസന്ധിഘട്ടത്തിൽ എത്തിയതിനാൽ വെടിനിർത്തൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് അന്നത്തെ ഇന്ത്യൻ കരസേന മേധാവി റോയ് ബുച്ചറാണു ഉപദേശം നൽകിയതെന്നും തീരുമാനം നെഹ്റു ഒറ്റയ്ക്ക് എടുത്തതല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

ജവഹർലാൽ നെഹ്റുവിനെ അധിക്ഷേപിക്കുന്നതും തെറ്റായ വിവരങ്ങൾ  പറയുന്നതും ബിജെപിയുടെ ശീലമായി മാറിയിരിക്കുകയാണെന്നു കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ ഉപനേതാവുമായ പ്രമോദ് തിവാരി പറഞ്ഞു. ‘‘ഉത്തരം പറയാൻ ഇന്ന് ജവഹർലാൽ നെഹ്റു ഇല്ലാത്തതിനാൽ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാം. എന്നാൽ ജവഹർലാൽ നെഹ്റു പ്രയ്തനിക്കുകയോ അദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെങ്കിൽ നമുക്കു ശ്രീനഗർ ഉണ്ടാവുമായിരുന്നില്ല’’– പ്രമോദ് തിവാരി പറഞ്ഞു. ശിവസേന എംപി പ്രിയങ്ക ചതുർവേദിയും അമിത് ഷായുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനം നടത്തി. 75 വർഷം മുൻപത്തെ കാര്യങ്ങളാണു ബിജെപി സംസാരിക്കുന്നത്. നിങ്ങൾ ചരിത്രം സൃഷ്ടിക്കാൻ വന്നു മറ്റുള്ളവരെ ദ്രോഹിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. 

പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനത അനുഭവിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കു കാരണം ജവഹർലാൽ നെഹ്റുവാണെന്നായിരുന്നു പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് അമിത് ഷായുടെ പരാമർശം. ‘‘നമ്മുടെ സൈന്യം ശക്തമായി മുന്നേറുന്ന സമയത്തു വെടിനിർത്തൽ പ്രഖ്യാപിച്ചതാണു വിഡ്ഢിത്തങ്ങളിൽ ഒന്നാമത്തേത്. അങ്ങനെയാണ് പാക്ക് അധീന കശ്മീർ ഉണ്ടായത്. അന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് മൂന്നു ദിവസത്തേക്കു കൂടി താമസിപ്പിച്ചിരുന്നെങ്കിൽ, പാക്ക് അധീന കശ്മീർ അതിനകം ഇന്ത്യയുടെ ഭാഗമാകുമായിരുന്നു’’ – അമിത് ഷാ പറഞ്ഞു.

കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ മണ്ടത്തരമെന്ന് അദ്ദേഹം വിശദീകരിച്ചു. ‘‘നെഹ്റു കാട്ടിയ രണ്ടാമത്തെ വിഡ്ഢിത്തം, കശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിച്ചതാണ്’ – ഷാ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾ ജൻമനാട്ടിൽനിന്ന് പലായനം ചെയ്യേണ്ടി വന്നതിനു കാരണം കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകാതിരുന്നിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Congress reply to Amit shah on his controversial statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com