വിഷാദരോഗം; ഭാര്യയേയും മക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്ന റെയിൽവേ ഡോക്ടർ ജീവനൊടുക്കി – ഞെട്ടലിൽ നാട്
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി. റായ്ബറേലിയിലെ മോഡേൺ റെയിൽ കോച്ച് ഫാക്ടറിയിൽ നേത്രരോഗ വിദഗ്ധനായിരുന്ന ഡോ.അരുൺ കുമാറാണ് ഭാര്യ അർച്ചന, മക്കളായ അദിവ(12), ആരവ്(4) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈഞരമ്പ് മുറിച്ചു. എന്നാൽ അത് നടക്കാതെ വന്നതോടെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നു.
അരുൺ കുമാർ വിഷാദരോഗിയായിരുന്നെന്ന് പൊലീസ് പറയുന്നു. മിർസാപുർ സ്വദേശിയായ അരുൺ കുമാർ റായ്ബറേയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് ഭാര്യയും മക്കളുമായി താമസിച്ചു വന്നത്. ഞായറാഴ്ചയാണ് ഇവരെ എല്ലാവരും അവസാനമായി കണ്ടത്. രണ്ടു ദിവസമായി ഡോക്ടർ ജോലി സ്ഥലത്ത് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വന്ന് വാതിലിൽ മുട്ടുകയും ബെൽ അടിക്കുകയും ചെയ്തെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഡോക്ടറേയും കുടുംബത്തേയുമാണ് കണ്ടത്.
സംഭവസ്ഥലത്തുനിന്ന് ഒരു ചുറ്റികയും ചോരക്കറയും കുത്തിവയ്ക്കുന്ന മരുന്നുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയേയും മക്കളെയും അരുൺ മരുന്നു നൽകി മയക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശമെന്ന് അയൽവാസിയായ കമൽ കുമാർ ദാസ് അറിയിച്ചു. ‘‘അദ്ദേഹം രോഗികളോടും മറ്റുള്ളവരോടും വളരെ നന്നായി ആണ് പെരുമാറിയിരുന്നത്. കുടുംബപ്രശ്നം മൂലമാകാം ഇത്തരത്തിൽ ഒരു കൃത്യം ചെയ്തത്’’ എന്ന് കമൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതകളൊന്നും ഇല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.