വാഹനം കാണുമ്പോൾ ഓടിയൊളിച്ചിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരുന്നു; ഇ.പി.ജയരാജൻ
Mail This Article
ബത്തേരി ∙ വന്യമൃഗങ്ങൾക്ക് ഇപ്പോൾ വാഹനങ്ങൾ കാണുമ്പോൾ സന്തോഷമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബന്ദിപ്പൂർ വനമേഖലയിൽ കർണാടക ഏർപ്പെടുത്തിയിട്ടുള്ള രാത്രിയാത്രാ നിരോധനം നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇപി ഇങ്ങനെ പ്രതികരിച്ചത്. ഇന്നത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല. മുൻപു വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തിയ കർണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധന വിഷയം എൽഡിഎഫ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നും ജയരാജൻ പറഞ്ഞു. കർണാടകയുമായി ചർച്ച ചെയ്യേണ്ടതിന്റെയും കോടതിയിൽ ഇടപെടേണ്ടതിന്റെയും കാര്യങ്ങൾ പരിശോധിക്കും. വയനാടിന്റെ ഒരു വികസന കാര്യത്തിലും രാഹുൽ ഗാന്ധി ഇടപെടുന്നില്ല. രാത്രിയാത്ര നിരോധന വിഷയത്തിൽ, ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഏറെ സമ്മർദങ്ങൾ ചെലുത്താനാകും. എന്നാൽ നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാൻ കോൺഗ്രസിന് കഴിയുന്നില്ല.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് ബിജെപി വിരുദ്ധ തരംഗം മൂലമാണ്. തെലങ്കാനയിൽ ബിജെപിയെ അല്ല, ബിജെപിക്കെതിരെ പോരാടുന്നവരെയാണു കോൺഗ്രസ് തോൽപിച്ചത്. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് അവരാണു തീരുമാനിക്കേണ്ടത്. അതിൽ ഇടപെടാനില്ലെന്നും ജയരാജൻ പറഞ്ഞു.