‘രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പിണറായിയല്ല, സിപിഎമ്മിന് ഭയം; നവകേരള സദസ്സ് യുഡിഎഫിന് ഗുണകരം’
Mail This Article
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നതു സിപിഎമ്മോ പിണറായി വിജയനോ അല്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിന്റെ സ്ഥാനാർഥിത്വം സമയമാകുമ്പോൾ കോൺഗ്രസിന്റെ ഹൈക്കമാൻഡ് തീരുമാനിക്കും. കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്‍വേലയാണ്. മുഖ്യമന്ത്രി പാവപ്പെട്ട ഒരാളുടെ കയ്യിൽനിന്നെങ്കിലും പരാതി കൈകൊണ്ട് സ്വീകരിച്ചാൽ പരാതി നൽകുന്നയാൾക്കു സ്വർണമോതിരം നൽകുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
‘‘5 സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിലൊഴികെ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ബിജെപിയേക്കാൾ സന്തോഷിച്ചതു സിപിഎമ്മാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനേക്കാൾ സന്തോഷം പ്രകടിപ്പിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപി ജയിച്ചാലും കോൺഗ്രസ് പരാജയപ്പെടണമെന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ഇതു ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നു.
എന്തൊരു ആഹ്ലാദമാണിത്? എകെജി സെന്ററിൽ പടക്കം പൊട്ടിച്ചില്ലെന്നു മാത്രമേയുള്ളൂ. ഗോവിന്ദൻ തുള്ളിച്ചാടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആവേശപൂർവമാണു കോൺഗ്രസ് പരാജയപ്പെട്ടെന്നു പറയുന്നത്. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം മത്സരിക്കേണ്ട എന്നു തീരുമാനിക്കുന്നതു സിപിഎമ്മോ പിണറായി വിജയനോ അല്ല, കോൺഗ്രസിന്റെ ഹൈക്കമാൻഡാണ്. സമയമാകുമ്പോൾ ഉചിതമായ തീരുമാനമെടുക്കും.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെയും സ്ഥാനാർഥിത്വത്തെയും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ‘ഇന്ത്യ’ മുന്നണിയില്ല. രാജ്യത്തു ബിജെപിയെ നേരിടാൻ ശക്തിയുള്ള പാർട്ടി കോൺഗ്രസാണെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. രാജസ്ഥാനിൽ തോറ്റെങ്കിലും വോട്ടിങ് ശതമാനം കൂടി. മധ്യപ്രദേശിലും വോട്ടിങ് ശതമാനത്തിൽ വലിയ വ്യത്യാസമില്ല. പരാജയകാരണങ്ങൾ പാർട്ടി പരിശോധിക്കും.
കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്‍വേലയാണ്. സർക്കാരിന്റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനമാണു നടത്തുന്നത്. പ്രതിപക്ഷത്തെ വിമർശിക്കുന്നതിനും സദസ്സ് ദുരുപയോഗം ചെയ്യുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു പരാതിയും നേരിട്ട് സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പാവപ്പെട്ട ഒരാളുടെ കയ്യിൽനിന്നെങ്കിലും പരാതി കൈകൊണ്ട് സ്വീകരിച്ചാൽ അയാൾക്കു ഞാൻ സ്വർണമോതിരം നൽകും. എന്തായാലും നവകേരള സദസ്സ് ഇങ്ങനെ മുന്നോട്ടു പോകുന്നതു യുഡിഎഫിനു ഗുണകരമാണ്.’’