അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നില്ല: ബിഹാറിൽ 50 മദ്രസകളുടെ അംഗീകാരം റദ്ദാക്കി
Mail This Article
പട്ന ∙ ബിഹാറിൽ 50 മദ്രസകളുടെ അംഗീകാരം സംസ്ഥാന സർക്കാർ റദ്ദാക്കി. ഇതിൽ 32 എണ്ണം ദർഭംഗ ജില്ലയിലാണ്. അംഗീകാരം റദ്ദായ മദ്രസകളിലെ അധ്യാപകർക്കുള്ള ശമ്പള വിതരണം നിർത്താൻ മദ്രസ വിദ്യാഭ്യാസ ബോർഡിനു വിദ്യാഭ്യാസ വകുപ്പു നിർദേശം നൽകി. ബിഹാറിലെ മദ്രസകളുടെ പ്രവർത്തനവും നിലവാരവും പരിശോധിക്കാനായി ഹൈക്കോടതി നിർദേശാനുസരണം രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത മദ്രസകളുടെ അംഗീകാരമാണ് റദ്ദായത്. പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിദ്യാർഥികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് മദ്രസകളുടെ അംഗീകാരം റദ്ദായത്. പല മദ്രസകളും കടലാസിൽ മാത്രമുള്ളവയാണെന്നും സമിതി കണ്ടെത്തി. ഇല്ലാത്ത മദ്രസകളുടെ പേരിൽ അധ്യാപകർക്ക് സർക്കാർ ശമ്പളം വിതരണം ചെയ്തതായി വെളിപ്പെട്ടതിനെ തുടർന്നു ശമ്പള വിതരണവും നിർത്തി.