പെയ്തൊഴിഞ്ഞു; ഇനി പ്രതിരോധം: വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളും
Mail This Article
ചെന്നൈ∙ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് ചെന്നൈ മക്കൾ. 2 നാൾ ആശങ്കയിൽ മുങ്ങിയെങ്കിലും മിഷോങ്ങിനു മുന്നിൽ മുട്ടുമടക്കാതെ, ജീവിതം വീണ്ടും കരയ്ക്കടുപ്പിക്കുന്ന തിരക്കിലാണു ജനം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിരോധം സ്വീകരിക്കേണ്ടതുണ്ട്.
അശ്രദ്ധ ആപത്ത്
∙ കൊതുകുജന്യ രോഗങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്
∙ മുതിർന്നവരുടെ കണ്ണിൽപെടാതെ കുട്ടികൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുക
∙ ദിവസവും നടക്കാനിറങ്ങുന്ന പ്രായമായവരെ ഒറ്റയ്ക്കു വിടാതിരിക്കുക
∙ വെള്ളത്തിലായ ഇരുചക്രവാഹനങ്ങളും കാറും സ്റ്റാർട്ട് ചെയ്യുന്നതിനു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഓയിൽ പരിശോധിക്കുക. വെള്ളം കയറിയിട്ടുണ്ടെങ്കിൽ മെക്കാനിക്കിനെ സമീപിക്കുക.
ശുചിത്വം പാലിക്കാം; രോഗങ്ങൾ തടയാം
∙ മഴ ഒഴിഞ്ഞെങ്കിലും പലവിധ രോഗങ്ങൾക്കുള്ള സാധ്യതയേറെ. ജലം മലിനമായതിനാൽ പകർച്ചവ്യാധി അടക്കം വെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു സാധ്യത കൂടുതലാണ്.
∙ ചൊറിച്ചിൽ അടക്കമുള്ള ത്വക്ക് രോഗങ്ങൾ തടയുന്നതിനായി കയ്യും കാലും സോപ്പ് ഉപയോഗിച്ച് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
∙ പൈപ്പുവെള്ളം കുടിക്കുന്നത് ഒഴിവാക്കുക
∙ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
∙ തണുത്ത ഭക്ഷണം ഒഴിവാക്കുക. പാകം ചെയ്ത ശേഷം മാത്രം കഴിക്കുക
∙ വെള്ളത്തിൽ നിന്നു കൊതുകുജന്യ രോഗങ്ങൾക്കു സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കുക
∙ പനി അടക്കമുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചികിത്സ തേടുക
∙ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നനഞ്ഞവർക്ക് വരും ദിവസങ്ങളിൽ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കു സാധ്യതയുണ്ട്. അസുഖംമൂർച്ഛിക്കുന്നതിനു മുൻപ് ചികിത്സ തേടുക.
അപകടം പതിയിരിപ്പുണ്ട്
∙ മഴ മാറിയെങ്കിലും അപകട സാഹചര്യങ്ങൾ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്നു പ്രത്യേകം ഓർക്കുക
∙ പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈൻ, കുഴി എന്നിവയുണ്ടാകാമെന്നതിനാൽ ചെറിയ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ പോലും പ്രത്യേകം ശ്രദ്ധിക്കുക.
∙ വൈദ്യുത ഉപകരണങ്ങളിൽ നനവില്ലെന്ന് ഉറപ്പാക്കുക
∙ വീടുകൾക്കുള്ളിൽ വെള്ളം കടന്ന് സ്വിച്ച് ബോർഡുകൾ നനയാൻ സാധ്യതയുണ്ട്. പ്ലഗ് ചെയ്യുന്നതിന് മുൻപ് പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ വലിയ അപകടത്തിനു കാരണമാകും.
സ്കൂളുകൾക്ക് അവധി; പരീക്ഷ മാറ്റി
വെള്ളക്കെട്ടും പകർച്ചവ്യാധി ഭീഷണിയും കണക്കിലെടുത്ത് ഇന്നു ചെന്നൈ ജില്ലയിലെയും ചെങ്കൽപ്പെട്ടിലെ 6 താലൂക്കുകളിലെയും കാഞ്ചീപുരം ജില്ലയിലെ കാഞ്ചീപുരം, കുന്ദ്രത്തൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി നടത്താനിരുന്ന അർധവാർഷിക പരീക്ഷകളും മാറ്റിവച്ചതായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ദുരിതാശ്വാസത്തിനായി കൈകോർക്കാം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്വകാര്യ വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ക്ഷണിച്ച് സർക്കാർ. ഇവർക്കായി പ്രത്യേക ഹെൽപ് ഡെസ്ക് തുടങ്ങി. താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാം. 9791149789, 9445461712, 9895440669,7397766651.
വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളും
നഗരത്തെ വിറപ്പിച്ച ചുഴലിക്കാറ്റിന്റെ കെടുതികളിൽ വലഞ്ഞ് മലയാളികളും. നഗരത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികളിൽ ചിലർ വെള്ളക്കെട്ടിൽ നിന്നു പുറത്തുകടക്കാനാകാതെ കുടുങ്ങിയപ്പോൾ മറ്റു ചിലർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ഷെണോയ് നഗറിലെ വീടിനു ചുറ്റും വെള്ളക്കെട്ട് ഉണ്ടായെന്നും 2 ദിവസം പുറത്തുകടക്കാൻ സാധിച്ചില്ലെന്നും കരുണാകരൻ പറഞ്ഞു.
വെള്ളം കൂടിയതിനാൽ മറ്റുള്ളവർക്കു സഹായം ലഭ്യമാക്കാനും സാധിച്ചില്ല. കൂവം നദിയിൽ നിന്നുള്ള മലിനജലം കലർന്നതിനാൽ രോഗങ്ങൾ അടക്കമുള്ള ദുരിതങ്ങൾ വെല്ലുവിളിയായി. വാഹനവും വീട്ടുസാധനങ്ങളുമെല്ലാം നശിച്ചു. ഭയവും ആശങ്കയും കാരണം 2 ദിവസം ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ രക്ഷയ്ക്കായി എത്തിയ ബോട്ടിൽ കയറി സുരക്ഷിത സ്ഥലത്തേക്കു രക്ഷപ്പെട്ടു.
പോരൂരിലുള്ള മകളുടെ വീട്ടിലാണ് ഇപ്പോഴുള്ളതെന്നും കരുണാകരൻ പറഞ്ഞു. ചുറ്റും വെള്ളമായിരുന്നെന്നും ഭക്ഷണമോ വെള്ളമോ കിട്ടാതെ ബുദ്ധിമുട്ടിയെന്നും വേളാച്ചേരി പത്മാവതി നഗറിൽ താമസിക്കുന്ന സുഹേഷ് പറഞ്ഞു. ഒട്ടേറെ മലയാളികളാണു പ്രദേശത്തുള്ളത്. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. വലിയ ബുദ്ധിമുട്ടാണു നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതമൊഴിയാതെ അമ്പത്തൂർ; കരകാണാതെ വേളാച്ചേരി
മഴയ്ക്ക് ശമനമുണ്ടായെങ്കിലും, വേളാച്ചേരി, താംബരം, മുടിച്ചൂർ, മേടവാക്കം, മടിപ്പാക്കം, സൈതപ്പേട്ട, ഗിണ്ടി, പഴയ വണ്ണാരപ്പേട്ട, തിരുവൊട്ടിയൂർ, തുടങ്ങിയ പ്രദേശങ്ങളിൽ അതിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല. ചെന്നൈ സെമ്മഞ്ചേരി, പെരുമ്പാക്കം പ്രദേശം പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ അവശ്യസാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകളോളം നടക്കേണ്ട സ്ഥിതിയാണ്.
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച വേളാച്ചേരിയിൽ ദുരിതബാധിതർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. യന്ത്രസാമഗ്രികൾ നശിച്ചെന്നും കഴുത്തോളം വെള്ളത്തിലാണ് ആളുകൾ യാത്ര ചെയ്യുന്നതെന്നും സമീപവാസികൾ പറയുന്നു.
വണ്ണാരപ്പേട്ടയിൽ വെള്ളവും വൈദ്യുതിയുമില്ലാത്തതിനെ തുടർന്ന് ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ സംഘർഷാവസ്ഥയാണ്. ഇരുനൂറോളം പേർ സർക്കാർ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. കൊരട്ടൂർ, മടിപ്പാക്കം, രാം നഗർ, കുബേരൻ നഗർ പ്രദേശങ്ങളിൽ ദുരിതം ഒഴിഞ്ഞിട്ടില്ല. താംബരത്തെ കൃഷ്ണ നഗർ മേഖലയിൽ അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. താംബരം സിഡിഒ കോളനി, രാഘവേന്ദ്ര നഗർ, ഗുഡ്വിൽ നഗർ, എഫ്ഐസി നഗർ എന്നിവിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. പെരുങ്ങലത്തൂർ ഭാരതി നഗർ മേഖലയിലും വെള്ളക്കെട്ടു തുടരുകയാണ്.
ഓണാകാതെ ഓൺലൈൻ
മഴ മാറി കാലാവസ്ഥ അനുകൂലമായിട്ടും ഓൺലൈൻ ഡെലിവറി സേവനം പുനരാരംഭിക്കാത്തതിൽ നിരാശരായി നഗരവാസികൾ. ഭക്ഷണം, വെള്ളം, പച്ചക്കറി, പലചരക്ക് അടക്കം വിവിധ ആവശ്യങ്ങൾക്കായി ഏറെ പേരാണ് ഓൺലൈൻ ഡെലിവറിയെ ആശ്രയിക്കുന്നത്. ആപ് തുറക്കുമ്പോൾ ഡെലിവറി ഇപ്പോൾ ലഭ്യമല്ല എന്നാണു കാണിക്കുന്നതെന്ന് നഗരവാസികൾ പറയുന്നു.ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചുതുടങ്ങിയതോടെ പലരും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്.
ഇന്നലെ നഗരത്തിലെ മിക്ക ഹോട്ടലുകളും തുറന്നെങ്കിലും ഊണ് അടക്കമുള്ളവ കുറച്ചു മാത്രമേ തയാറാക്കുന്നുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും ഉച്ചഭക്ഷണത്തിന് ഹോട്ടലിനെയാണ് ആശ്രയിച്ചത്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 വരെ ഊണ് കിട്ടുമെങ്കിലും ഇന്നലെ 1.30നു മുൻപേ പലയിടത്തും ഊണും ബിരിയാണിയുമെല്ലാം തീർന്നു. സാധനങ്ങളുടെ ലഭ്യതക്കുറവും ആവശ്യക്കാരെത്തിയില്ലെങ്കിലോ എന്ന സംശയവുമാണ് വിഭവങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ കാരണമെന്നാണു മനസ്സിലാകുന്നത്. ഇന്നുമുതൽ ഇവയെല്ലാം സാധാരണ നിലയിലേക്കു തിരിച്ചെത്തുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ.
കുഴിയിൽ വീണ 2 യുവാക്കളെ രക്ഷിക്കാനായില്ല
വേളാച്ചേരിയിൽ 40 അടി താഴ്ചയുള്ള കുഴിയിൽ വീണ 2 യുവാക്കളെ 50 മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷിക്കാനായില്ല. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞെന്നാണ് ആരോപണം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും ജീവനോടെയുണ്ടെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. വേളാച്ചേരി സ്വദേശി ജയശീലൻ, സിഎൻജി ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ നരേഷ് എന്നിവരാണു കുടുങ്ങിയത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞാണ് ഇരുവരും അപകടത്തിൽപെട്ടത്. കുഴിയിൽ വീണ 3 പേരെ നേരത്തേ രക്ഷിച്ചിരുന്നു.