ഡോ.വന്ദന കൊലപാതകത്തിൽ സമരമുഖത്തെ നായകൻ; ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലെ വില്ലൻ- വിഡിയോ
Mail This Article
തിരുവനന്തപുരം∙ കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ മുൻനിരയിൽ സമരനായകനായി തിളങ്ങി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ്, സഹ ഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിക്കൂട്ടിൽ നിൽക്കുന്ന ഡോ. ഇ.എ.റുവൈസ്. അന്ന് ഡോക്ടർമാരുടെ സമരമുഖത്ത് സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ഡോ. റുവൈസിന്റെ വിഡിയോ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ മരണത്തിനെതിരെ ശക്തമായി പ്രസംഗിച്ച ഡോ. റുവൈസ്, ആറു മാസങ്ങൾക്കിപ്പുറം മറ്റൊരു സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരം അറസ്റ്റിലായിരിക്കുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ മേയ് 10നാണ്, പരിശോധനയ്ക്കായി പൊലീസ് എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. പ്രിയ സഹപ്രവർത്തകയുടെ ദാരുണ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം ഡോക്ടർമാർ പ്രതിഷേധിക്കുമ്പോൾ, കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ ഡോ.റുവൈസ് സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിൽ ഡോ.റുവൈസ് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി.
ഇതിന്റെ അലയൊലികൾ ഏറെക്കുറെ അടങ്ങിത്തുടങ്ങുമ്പോഴാണ്, സ്നേഹിച്ച പെൺകുട്ടിയെ സ്ത്രീധനത്തിന്റെ പേരിൽ തള്ളിപ്പറഞ്ഞ് ആത്മഹത്യയ്ക്ക് വഴിയൊരുക്കിയെന്ന പേരിൽ ഡോ.റുവൈസ് കേരള സമൂഹത്തിനു മുന്നിൽ വില്ലനായി മാറുന്നത്.
∙ സമരമുഖത്ത് ഡോ.റുവൈസ് നടത്തിയ പ്രസംഗം
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സഹപാഠി കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. കൊല ചെയ്യപ്പെട്ടതിന്റെ കാരണം ആരോഗ്യമന്ത്രിയോടു ചോദിച്ചിട്ടുണ്ടായിരുന്നു. ഡോക്ടറിന് അതിനുള്ള എക്സ്പീരിയൻസ് ഇല്ലാ എന്നാണ് ആരോഗ്യമന്ത്രി നൽകിയ മറുപടി. 23 വയസ്സുള്ള വനിതാ ഡോക്ടർക്ക് അതിനുള്ള എക്സ്പീരിയൻസ് ഇല്ലാ എന്ന്. ഞാൻ ആരോഗ്യമന്ത്രിയോടു ചോദിക്കട്ടെ. ഈ പറയുന്ന പ്രതി ആരോഗ്യമന്ത്രിയുടെ നേരെ വന്നാൽ, അയാളെ തടുക്കാൻ ആരോഗ്യമന്ത്രിക്കു സാധിക്കുമോ? ഈ സുരക്ഷാ ജീവനക്കാരെയെല്ലാം മാറ്റിവച്ച് ഈ പ്രതിയുടെ മുന്നിൽ വാ.
ഇവിടെയുള്ള ഡോക്ടർമാർക്ക് അണുവിട പോലും സുരക്ഷ നൽകാതെ ഞങ്ങളെ ഇവിടെയിട്ട് പീഡിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണ്? ആരോഗ്യ മേഖല ഒരു ബാധ്യതയാണ് എന്നതാണ് സർക്കാർ നിലപാട്. ഇവിടുത്തെ രോഗീപരിചരണം ബാധ്യതയാണ് എന്നാണ് നിലപാട്. അതുകൊണ്ട് സർക്കാരിന് കാര്യമായ നേട്ടമില്ല.
എന്താണ് അവർ ചിന്തിക്കുന്നത്? രോഗികൾ വരുന്നുണ്ട്. കുറ്റം കേൾക്കരുത്. ഇതിൽനിന്ന് എങ്ങനെ രക്ഷപ്പെടും? ഒരു കാര്യം ചെയ്യാം, ഫണ്ട് കൊടുക്കേണ്ട. അപ്പോൾ ഡോക്ടർമാരോ? ചുമ്മാതെ കുറേ ബോണ്ടും വച്ച്, ഇല്ലാത്ത 100–120 മണിക്കൂർ ജോലിയും ചെയ്യിച്ച് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. അവർക്കായി എന്തെങ്കിലും സേവനം നൽകാൻ പറ്റുമോ? ഇല്ല. ഡോക്ടർമാർക്ക് സുരക്ഷ കൊടുക്കാൻ പറ്റുമോ? അതു പറ്റും. 70 വയസ്സ് പിന്നിട്ട, പാർട്ടിയുമായി ചേർന്നുനിൽക്കുന്നവരെ സെക്യൂരിറ്റിയായി നിയമിക്കും. ചുമച്ചുചുമച്ചു നിൽക്കുന്ന, സ്വന്തമായി നിൽക്കാൻ പോലും പറ്റാത്ത ചേട്ടൻമാർ വന്ന് ഡോക്ടർമാർക്കു സെക്യൂരിറ്റി നൽകും.
ആരാണ് ഉത്തരവാദി? ആരോഗ്യമന്ത്രിയല്ലാതെ മറ്റാരാണ് ഇതിനെല്ലാം ഉത്തരവാദി? ആറു മാസം മുൻപ് ഇവിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒരെണ്ണമെങ്കിലും നടപ്പിലാക്കാൻ ഈ സർക്കാരിനു സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം.