ഖത്തർ വധശിക്ഷയ്ക്കു വിധിച്ച 8 മുൻ നാവികസേന ഉദ്യോഗസ്ഥരെ കണ്ട് ഇന്ത്യൻ അംബാസിഡർ; പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ ഒക്ടോബറിൽ ഖത്തർ വധശിക്ഷയ്ക്കു വിധിച്ച എട്ട് നാവികസേന മുൻഉദ്യോഗസ്ഥരുമായി കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യൻ അംബാസിഡർക്ക് ജയിലിലെത്തി എട്ടുപേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ ഇതുവരെ രണ്ടുതവണ വാദംകേട്ടു. നവംബര്‍ 23നും 30നുമായിരുന്നു അത്. വിഷയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. നിയമപരമായ എല്ലാവ ഴികളിലൂടെയും ശ്രമിക്കുന്നുണ്ട്. നിയമപരമായ എല്ലാ സഹായങ്ങളും കോൺസുലർ നൽകുന്നുണ്ട്.’– അരിന്ദം ബാഗ്ചി പറഞ്ഞു.
നാവികരുമായി കൂടിക്കാഴ്ച നടത്താൻ കോൺസുലർ അനുവാദം നൽകിയതിനെ ശുഭസൂചനയായാണ് കാണുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്ക പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ എട്ടു നാവികരെ ഖത്തർ അറസ്റ്റ് ചെയ്തത്. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചര്‍ച്ചചെയ്തു.
നവംബർ 24ന് വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. പൂർണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.