കവിഗുരുവിന്റെ നാട്ടിൽ സുഗതകുമാരിയുടെ നവതിയാഘോഷത്തിന് തിരനോട്ടം
Mail This Article
കൊൽക്കത്ത∙ സുഗതകുമാരിയുടെ നവതി ആഘോഷത്തിന് മുന്നോടിയായി കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് നടത്തിയ 'സുഗതസ്മൃതി സദസ്' വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സുഗത നവതിയാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കവി ഗുരുവിന്റെ നാട്ടിലെത്തിയ സംഘാടക സമിതി ചെയർമാൻ കൂടിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് രാജ്ഭവനിൽ സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി.
രാജ്ഭവൻ അങ്കണത്തിൽ നടന്ന ഹൃദ്യമായ 'സുഗതസ്മൃതി' യിൽ ഗവർണർ ആനന്ദബോസും കുമ്മനം രാജശേഖരനും വികാരാർദ്രമായ ഓർമകൾ പങ്കുവച്ചു.
മനുഷ്യ സ്നേഹവും പ്രകൃത്യോപാസനയുമാണ് സുഗതകുമാരിയുടെ ജീവിത മുദ്രയെന്ന് ആനന്ദബോസ് അനുസ്മരിച്ചു. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് സുഗതകുമാരിയെ വ്യത്യസ്തയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഗത സ്മരണ നിലനിർത്താനുതകുന്ന സംരംഭങ്ങൾക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. നവതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന അഞ്ചുലക്ഷം രൂപയുടെ സുഗതപുരസ്കാരത്തിന്റെ ആദ്യപുരസ്കാരം രാജ്ഭവൻ സ്പോൺസർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളവും മലയാളികളുമുള്ളിടത്തോളം കാലം ആ ഓർമകൾക്ക് മരണമുണ്ടാവില്ലെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സുഗതകുമാരിയുടെ സ്മാരകമായി ആറന്മുളയിൽ പടുത്തുയർത്തുന്ന സുഗത വനത്തിന്റെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
ഗവർണർ ഡോ.സി.വി.ആനന്ദബോസ് എഴുതി മലയാളി സമാജം പ്രവർത്തകൻ എൻ.പി. നായർ ആലപിച്ച 'സുഗതം സുഗമം' കവിതയും രമണിരാജൻ, അനിത ഗംഗാധരൻ എന്നിവർ ചൊല്ലിയ സുഗതകുമാരി കവിതകളും സഹൃദയസദസ്സിൽ സുഗതസ്മരണകളുടെ തിരയിളക്കി. കിഴക്കൻ പ്രവിശ്യാ സാംസ്ക്കാരിക കേന്ദ്രം ഒരുക്കിയ രബീന്ദ്രസംഗീതവും കുച്ചിപ്പുടിയും സ്മൃതിസംഗമത്തിന് ചാരുത പകർന്നു. ‘ഡോ. സി.വി. ആനന്ദബോസ്: ഗവർണർ പദവിയിൽ ഒരു വർഷം’ എന്ന ഡോക്യുമെന്ററി കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു.