‘ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പാവപ്പെട്ട രാഹുൽ ഗാന്ധിക്കായി വയനാട് സീറ്റ് സിപിഐ ഒഴിഞ്ഞുകൊടുക്കണം’

Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനായി വയനാട് സീറ്റ് വിട്ടുകൊടുക്കണമെന്നാണ് സിപിഐയോട് പറയാനുള്ളത് എന്ന് സുരേന്ദ്രൻ പറഞ്ഞു.
‘‘എനിക്ക് സിപിഐക്കാരോട് പറയാനുള്ളത്, നമ്മുടെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പാവപ്പെട്ട രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും വേറെ സീറ്റിൽ മത്സരിക്കാൻ ഇല്ലാത്തതു കൊണ്ട് സിപിഐ ആ വയനാട് സീറ്റ് രാഹുൽ ഗാന്ധിക്ക് ഒഴിഞ്ഞു കൊടുക്കണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് എവിടെയെങ്കിലും മത്സരിക്കേണ്ടേ. അദ്ദേഹത്തിന് അമേഠിയിൽ ഇനി മത്സരിക്കാനുള്ള ധൈര്യമില്ല, സോണിയ ഗാന്ധിയുടെ കയ്യിലുണ്ടായിരുന്ന റായ്ബറേലിയിൽ ഇനി മത്സരിക്കാൻ ധൈര്യമില്ല. ഉത്തർപ്രദേശിൽ എവിടെയും മത്സരിക്കാൻ ധൈര്യമില്ല, മധ്യപ്രദേശിൽ ഇനി മത്സരിക്കാൻ കഴിയില്ല. രാജസ്ഥാനിൽ മത്സരിക്കാൻ കഴിയില്ല, ഛത്തീസ്ഗഡിൽ മത്സരിക്കാൻ കഴിയില്ല, ഡൽഹിയിൽ മത്സരിക്കാൻ കഴിയില്ല.
ഹിമാചൽ പ്രദേശിൽ മത്സരിക്കാൻ കഴിയില്ല, അസമിൽ മത്സരിക്കാൻ കഴിയില്ല, ഒരു സ്ഥലത്തും അദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ല. അതിനുള്ള ധൈര്യവും ഇല്ല. അതിനാൽ ദയവായി സിപിഐ സ്വന്തം ഘടകകക്ഷിയായുള്ള ഇന്ത്യ മുന്നണിയിലെ നമ്മുടെ പ്രധാനമന്ത്രി സ്ഥാനാർഥി പാവപ്പെട്ട രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട് സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്നുള്ള അഭ്യർഥനയാണ് എനിക്കുള്ളത്’’– സുരേന്ദ്രൻ പറഞ്ഞു.