ADVERTISEMENT

തിരുവനന്തപുരം∙ സ്വവർഗ പ്രണയം പ്രമേയമായ ‘കാതൽ’ എന്ന മലയാള സിനിമയുടെ സംവിധായകൻ ജിയോ ബേബിയെ പങ്കെടുപ്പിച്ചു ഫാറൂഖ് കോളജിൽ നടത്താനിരുന്ന ചർ‌ച്ച റദ്ദാക്കിയതിൽ, കോളജിന്റെ നടപടിയെ അപലപിച്ച് മന്ത്രി ആർ.ബിന്ദു. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു എന്നാണ് മന്ത്രി ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചത്. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ജിയോ ബേബിയുടെതെന്നും മന്ത്രി കുറിച്ചു.

മന്ത്രി ബിന്ദുവിന്റെ ഫെയ്സ്ബുക് കുറിപ്പ്:

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ജിയോ ബേബിയുടെത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ “കാതൽ“ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗലൈംഗിക ആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. 

അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമിപ്പിക്കുന്നു. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. 

ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ചയിൽ പങ്കെടുക്കാൻ കോളജിലെ ഫിലിം ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചു താൻ കോഴിക്കോട്ടെത്തിയ ശേഷമാണു പരിപാടി റദ്ദാക്കിയതായി ക്ലബ് കോ ഓർഡിനേറ്റർ അറിയിച്ചതെന്നും, തന്നെ അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. അതേ സമയം, കോളജ് യൂണിയന്റെ എതിർപ്പു മൂലമാണു പരിപാടി റദ്ദാക്കിയതെന്നു കോളജ് അധികൃതർ അറിയിച്ചു. പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുന്നതായി ഫിലിം ക്ലബ് കോഓർഡിനേറ്ററായ മലയാളം വിഭാഗം അധ്യാപകൻ വൈകിട്ട് ആഭ്യന്തര വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചിട്ടുണ്ട്.

English Summary:

Minister R.Bindu express solidarity to Director Jeo Baby in Farook college row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com