‘മോദി ജി കാ സ്വാഗത് ഹേ’: പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസത്തെ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി എംപിമാരുടെ ഊഷ്മള സ്വീകരണം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന ആദ്യ പാർലമെന്ററി പാർട്ടി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
ബിജെപി എംപിമാർ ‘മോദി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യത്തോടെയും കരഘോഷത്തോടെയും പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ ഹാരവും ഷാളും അണിയിച്ച് നഡ്ഡ സ്വീകരിച്ചു. പാർലമെന്റിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ ബാലയോഗി ഓഡിറ്റോറിയത്തിലായിരുന്നു യോഗം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സസ്‌പെൻസ് നിലനിൽക്കെയാണ് ബിജെപിയുടെ യോഗം. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും.