‘സീറ്റ് വിഭജനം ഉടനില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും’: മഹാ വികാസ് അഘാഡി സഖ്യത്തിന് മുന്നറിയിപ്പുമായി പ്രകാശ് അംബേദ്കർ
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും തന്റെ പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) മത്സരിക്കുമെന്ന് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് പ്രകാശ് അംബേദ്കർ മുന്നറിയിപ്പു നൽകി. ശക്തമായ മത്സരം വന്നാൽ സംസ്ഥാനത്തെ ഏതാനും മണ്ഡലങ്ങളിൽ വിജയം നിർണയിക്കാൻ ശക്തിയുള്ള ദലിത് നേതാവാണ് ഡോ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ്.
ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയുമായി സഖ്യത്തിലാണ് പ്രകാശ് അംബേദ്കറുടെ പാർട്ടി. അതേസമയം, കോൺഗ്രസും എൻസിപി ശരദ് പവാർ പക്ഷവും അവഗണിക്കുന്നതിനാൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽ കയറിക്കൂടാനുള്ള പ്രകാശിന്റെ ശ്രമം വിജയിച്ചിരുന്നില്ല.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തിരിച്ചടിയേറ്റിരിക്കെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് സമ്മർദം സൃഷ്ടിക്കുന്നത്. പാർട്ടി 48 സീറ്റുകളിലും മത്സരിച്ചാൽ ദലിത് വോട്ടുകൾ ചിതറുമെന്നും അതു തടയാനായി മഹാ വികാസ് അഘാഡിയും ഇന്ത്യ മുന്നണിയും തനിക്കു പരിഗണന നൽകണമെന്നുമാണ് പ്രകാശ് നൽകുന്ന സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും ചേർന്നുള്ള സഖ്യം സംസ്ഥാനത്തെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് – എൻസിപി സഖ്യത്തിന്റെ തോൽവിക്കു കാരണമായിരുന്നു. ദലിത്– ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപി ഇറക്കിയ ബി ടീമാണ് ഇവരുടേതെന്നായിരുന്നു കോൺഗ്രസും എൻസിപിയും ആരോപിച്ചിരുന്നത്. ഇതാണ് പ്രകാശ് അംബേദ്കറെ കോൺഗ്രസും ശരദ് പവാറും അവഗണിക്കാൻ ഒരു കാരണം.
പ്രായോഗികമല്ലാത്ത വിധം കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള സാധ്യതയാണ് മറ്റൊരു കാരണം. പന്ത് ഉദ്ധവിന്റെ കളത്തിലാണെന്നും സീറ്റ് വിഭജനം സംബന്ധിച്ച് മഹാ വികാസ് അഘാഡിയിൽ ചർച്ച നടത്തി, തന്നെ ഉടൻ തീരുമാനം അറിയിക്കണമെന്നും പ്രകാശ് പറഞ്ഞു.