യുപിയില്‍ വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തുതട്ടി; വിളമ്പുകാരനെ അടിച്ചുകൊന്നു
Mail This Article
ന്യൂഡല്‍ഹി∙ ഉത്തര്‍പ്രദേശില്‍ വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തു തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിയാറുകാരനായ ഭക്ഷണവിളമ്പുകാരനെ അടിച്ചുകൊന്നു. ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലാണു സംഭവം നടന്നതെന്നു പൊലീസ് അറിയിച്ചു.
ആളുകള്‍ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലേറ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുന്നതിനിടെ അതിഥികളുടെ ദേഹത്തു തട്ടിയതിനെ തുടര്‍ന്നാണു വഴക്കുണ്ടായത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന ഇരുപത്തിയാറുകാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പങ്കജ് മരിച്ചുവെന്ന് ഭയന്ന് പ്രതികള്‍ ശരീരം കാട്ടില്‍ വലിച്ചെറിഞ്ഞു.
അടുത്ത ദിവസം തലയില്‍ വലിയ മുറിവോടെ പങ്കജിന്റെ മൃതദേഹം കാട്ടില്‍നിന്നു കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പങ്കജ് തലേന്നു വിവാഹസ്ഥലത്ത് ജോലിക്കായി പോയിരുന്നെന്നും അവിടെ വച്ച് മര്‍ദനമേറ്റെന്നും പൊലീസ് കണ്ടെത്തി. തലയില്‍ ഗുരുതരമായി പരുക്കേറ്റതാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.