കാനത്തിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി; കണ്ണീരോടെ സിപിഐ നേതാക്കൾ: നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു
Mail This Article
കൊച്ചി∙ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ. എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മറൈൻഡ്രൈവിലെ വേദിയിൽ നിന്നാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കാനം രാജേന്ദ്രൻ ചികിത്സയിലായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിയത്. ആശുപത്രിയില്‍ പൊതുദർശനത്തിനായി സൗകര്യമൊരുക്കിയിരുന്നു.
കാനത്തിന്റെ ഭൗതികശരീരത്തിൽ പുഷ്‌പചക്രം അർപ്പിച്ച മുഖ്യമന്ത്രി അഭിവാദ്യമർപ്പിച്ചു. വികാരനിർഭരമായിരുന്നു മന്ത്രിമാരുടെയും നേതാക്കളുടെയും അന്ത്യാഭിവാദനം. മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള നേതാക്കൾ കണ്ണീരോടെയാണ് കാനത്തിന് യാത്രാമൊഴി നൽകിയത്. ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കുന്ന സംസ്കാര ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.
നടൻ മമ്മൂട്ടി, സംവിധായകൻ വിനയൻ, വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഇടപ്പഴഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയിലും സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും.
∙ നവകേരള സദസ്: ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു
കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. തുടർന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.